റിയാദ് – യെമൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനെ കുറിച്ച് അമേരിക്കൻ, യു.എൻ ദൂതന്മാരുമായി സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. യെമനിലേക്കുള്ള അമേരിക്കയുടെ പ്രത്യേക ദൂതൻ ടിം ലിൻഡർകിംഗ്, യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സ് എന്നിവരുമായാണ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ചർച്ചകൾ നടത്തിയത്.
യെമനിലെ പുതിയ സംഭവ വികാസങ്ങളും, വെടിനിർത്തൽ നടപ്പാക്കാനും യെമൻ സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനും നടത്തുന്ന പൊതുശ്രമങ്ങളും കൂടിക്കാഴ്ചക്കിടെ യു.എസ്, യു.എൻ ദൂതന്മാരുമായി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ വിശകലനം ചെയ്തു. യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവർ കൂടിക്കാഴ്ചകളിൽ സംബന്ധിച്ചു.
യെമനിൽ വെടിനിർത്തൽ നടപ്പാക്കാനും സംഘർഷത്തിന് സമഗ്ര രാഷ്ട്രീയ പരിഹാരം കാണാനും യു.എൻ നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുമെന്ന് മാർട്ടിൻ ഗ്രിഫിത്‌സുമായി നടത്തിയ ചർച്ചക്കിടെ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.
യെമനിലെ സൗദി അംബാസഡറും യെമൻ വികസന, പുനർനിർമാണത്തിനുള്ള സൗദി പ്രോഗ്രാം സൂപ്പർവൈസറുമായ മുഹമ്മദ് ആലുജാബിറും യെമനിലേക്കുള്ള അമേരിക്കൻ, യു.എൻ ദൂതന്മാരുമായി വെവ്വേറെ ചർച്ചകൾ നടത്തി. യെമനിൽ വെടിനിർത്തൽ നടപ്പാക്കൽ, വെടിനിർത്തൽ ആഹ്വാനം നിരാകരിച്ച് മാരിബിലടക്കം ഹൂത്തികൾ പോരാട്ടം തുടരൽ എന്നിവ അടക്കമുള്ള കാര്യങ്ങൾ അമേരിക്കൻ, യു.എൻ ദൂതന്മാരുമായി മുഹമ്മദ് ആലുജാബിർ ചർച്ച ചെയ്തു.
യെമനിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിന് മുതിർന്ന നേതാക്കളുമായി ചർച്ചകൾ നടത്തുന്നതിന് ടിം ലിൻഡർകിംഗ് സൗദി അറേബ്യയും ഒമാനും സന്ദർശിക്കുമെന്ന് അമേരിക്കൻ വിദേശ മന്ത്രാലയം നേരത്തെ അറിയിച്ചു. സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ സാധ്യമാക്കുന്നതിൽ ഊന്നിയാണ് അമേരിക്കൻ ദൂതൻ സൗദി, ഒമാൻ നേതാക്കളുമായി ചർച്ചകൾ നടത്തുക.
യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ടിം ലിൻഡർകിംഗ് തുടരും. മാരിബിനെതിരെ ഹൂത്തികൾ നടത്തുന്ന ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അമേരിക്കൻ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യെമൻ പ്രധാനമന്ത്രി മുഈൻ അബ്ദുൽമലികുമായും ടിം ലിൻഡർകിംഗ് കഴിഞ്ഞ ദിവസം ചർച്ച നടത്തി. സമാധാന നിർദേശങ്ങൾ, യുദ്ധം അവസാനിപ്പിക്കുന്നതിന് ഹൂത്തി മിലീഷ്യകൾക്കും അവരെ പിന്തുണക്കുന്ന ഇറാനുമെതിരെ ഐക്യരാഷ്ട്ര സഭക്കും ആഗോള സമൂഹത്തിനും ചെലുത്താൻ സാധിക്കുന്ന സമ്മർദം എന്നിവയെല്ലാം യെമൻ പ്രധാനമന്ത്രി അമേരിക്കൻ ദൂതനുമായി വിശകലനം ചെയ്തു.
യെമനിൽ സമാധാനം നടപ്പാക്കൽ, സമാധാന ആഹ്വാനം ഹൂത്തികൾ നിരാകരിക്കൽ, ദക്ഷിണ യെമൻ വിഘടനവാദികളും യെമനിലെ നിയമാനുസൃത ഗവൺമെന്റും തമ്മിൽ ഒപ്പുവെച്ച റിയാദ് സമാധാന കരാർ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയും ഇരുവരും വിശകലനം ചെയ്തു.
യെമൻ വൈസ് പ്രസിഡന്റ് അലി മുഹ്‌സിൻ അൽഅഹ്മറും പ്രധാനമന്ത്രി മുഈൻ അബ്ദുൽമലികും യെമനിലേക്കുള്ള യു.എൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്‌സുമായും ചർച്ച നടത്തി. മുപ്പതു ലക്ഷത്തോളം അഭയാർഥികൾ കഴിയുന്ന മാരിബിനു നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ, സൗദി അറേബ്യക്കെതിരെ രൂക്ഷമാക്കിയ മിസൈൽ ആക്രമണം, സമുദ്ര മൈനുകൾ സ്ഥാപിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് സൃഷ്ടിക്കുന്ന ഭീഷണി, സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള നിരന്തര ശ്രമങ്ങൾ എന്നിവയെല്ലാം യെമൻ വൈസ് പ്രസിഡന്റ് യു.എൻ ദൂതന്റെ ശ്രദ്ധയിൽ പെടുത്തി.
മുഴുവൻ സമാധാന പദ്ധതികളും ഹൂത്തികൾ നിരാകരിക്കുകയാണ്. യെമൻ ജനതയുടെ ദുരിതങ്ങൾ പാടെ അവഗണിച്ച് ഇറാൻ ഭരണകൂടത്തിന്റെ ഇംഗിതങ്ങൾക്ക് അനുസരിച്ചാണ് ഹൂത്തികൾ പ്രവർത്തിക്കുന്നതെന്നും യെമൻ വൈസ് പ്രസിഡന്റ് പറഞ്ഞു.