ആരാധനാലയങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മാംസ വില്‍പനയ്ക്ക് നിരോധനം, ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വില്‍പന നിരോധിച്ച്‌ ഉത്തർപ്രദേശ് സർക്കാർ.അനധികൃത അറവുശാലകള്‍ പൂട്ടാനും നിർദേശമുണ്ട്. ഉത്തരവ് കർശനമായി നടപ്പിലാക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർമാർക്കും സർക്കാർ നിർദേശം നല്‍കി. ഇന്നുമുതലാണ് ഒൻപത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.

ഏപ്രില്‍ ആറിന് രാമനവമി ദിവസത്തില്‍ സംസ്ഥാനത്താകെ മത്സ്യ, മാംസ വില്‍പനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ആരാധനാലയങ്ങള്‍ക്ക് സമീപം നിയമവിരുദ്ധമായി മൃഗങ്ങളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും നിരോധിക്കുമെന്ന് 2014ലും 2017ലും പുറപ്പെടുവിച്ച ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി സർക്കാർ വ്യക്തമാക്കി.

സർക്കാർ നിർദേശങ്ങള്‍ നടപ്പിലാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാരുടെ അദ്ധ്യക്ഷതയില്‍ ജില്ലാതല കമ്മിറ്റികള്‍ രൂപീകരിച്ചു. പൊലീസ്, മലിനീകരണ നിയന്ത്രണ ബോർഡ്, മൃഗസംരക്ഷണ വകുപ്പ്, ഗതാഗത വകുപ്പ്, തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്.

മതവികാരങ്ങളെ മാനിച്ചുകൊണ്ട് മുംബയിലെ റോഡരികുകളിലുള്ള മാംസം, മത്സ്യം, മട്ടണ്‍ കടകള്‍ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം അധികാരികളോട് ആവശ്യപ്പെട്ടു. റസ്റ്റോറന്റുകള്‍ക്ക് മാംസാഹാരം വിളമ്പുന്നത് തുടരാമെന്നും തുറന്ന സ്ഥലങ്ങളിലെ സ്റ്റാളുകള്‍ അടയ്ക്കണമെന്നുമാണ് ശിവസേന നേതാവ് ആവശ്യപ്പെട്ടത്. ഉത്തർപ്രദേശ് ഡിസിപി സച്ചിൻ ഗുഞ്ചാലയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സഞ്ജയ് നിരുപം ഇക്കാര്യം വ്യക്തമാക്കിയത്.

spot_img

Related Articles

Latest news