ഉത്തര്‍പ്രദേശ് കൊലപാതകങ്ങളുടെ നാട് – പിണറായി
തിരുവനന്തപുരം: ഉത്തര്‍പ്രദേശ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന നാടെന്ന് യോഗി ആദിത്യനാഥിന് മുഖ്യമന്ത്രിയുടെ മറുപടി. ഇന്ത്യയില്‍ തന്നെ ഏറ്റവും അഴിമതി കൂടുതലുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രി ഇവിടെ വന്ന രാജ്യത്ത് പുരോഗതിയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന കേരളത്തെ വിമര്‍ശിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമര്‍ശനത്തിന് ഓരോന്നിനും എണ്ണിയെണ്ണി മറുപടി പറഞ്ഞു.
യുപി മുഖ്യമന്ത്രി കേരളത്തില്‍ വന്നു. കേരളം എല്ലാത്തിനും പിന്നിലാണ്. ഇവിടെ ആകെ കുഴപ്പമാണ്. അഴിമതിയുടേയും അരാജകത്വത്തിന്റെയും നാടാണ് കേരളമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ കേരളം പോലെ സാംസ്ക്കാരികവും സാക്ഷരരും ഉള്ളവരുടെ നാട് അരാജകത്വത്തില്‍ ആണെന്ന് പറയുന്നവര്‍ ഈ നാടേ കണ്ടിട്ടില്ല. ഇക്കാര്യം രാഹുല്‍ഗാന്ധിയും മറ്റൊരു രൂപത്തില്‍ പറഞ്ഞു.
അഴിമതി തുടച്ചു നീക്കുന്നതില്‍ ക്രിയാത്മകമായ നടപടി ചെയ്ത ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് പല പഠനങ്ങളും. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി യുപിയിലാണെന്നും ഈ പഠനങ്ങള്‍ തന്നെ പറയുന്നു. അഴിമതി ഏറ്റവും കൂടുതല്‍ നടക്കുന്നത് യുപിയിലാണെന്ന് പറഞ്ഞത് ബിജെപി എംഎല്‍എ തന്നെയാണ്. 2020 ജൂലൈ യില്‍ ശ്യംപ്രകാശ് എന്ന ബിജെപി എംഎല്‍എയാണ് ഇങ്ങിനെ പറഞ്ഞത്. യുപിയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്ന് മറ്റൊരു യുപി മന്ത്രി പറഞ്ഞതും വാര്‍ത്തയായിരുന്നു.
പഠിച്ചിട്ടും ജോലി കിട്ടാത്തത് കൊണ്ട് ഇവിടുത്തുകാര്‍ നാടുവിടുകയാന്നെന്നാണ് യുപി മുഖ്യമന്ത്രിയുടെ മറ്റൊരു കണ്ടെത്തല്‍. ലോകത്തെമ്ബാടും തൊഴില്‍ തേടി മലയാളി പോകുന്നത് എവിടെയും തൊഴില്‍ ചെയ്യാന്‍ തക്കവിധത്തിലുള്ള പ്രാപ്തി അവര്‍ക്ക് ഉള്ളത് കൊണ്ടാണ്. അതേസമയം കേരളത്തിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളില്‍ 15 ശതമാനം യുപിയില്‍ നിന്നാണ്. അവിടെ ജോലി കിട്ടാതെ മടുത്തത് കൊണ്ടാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയടക്കം നല്‍കിയാണ് കേരളം സംരക്ഷിക്കുന്നത്. അവരോട് ചോദിച്ചാല്‍ കേരളത്തെക്കുറിച്ച് അറിയാനാകും.
ജനങ്ങളെ തമ്മില്‍ തല്ലിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നാണ് മറ്റൊരു പരാമര്‍ശം. അഞ്ചുവര്‍ഷത്തെ അനുഭവം എടുത്താല്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ഒരു വര്‍ഗ്ഗീയ കലാപവും നടക്കാത്ത നാടാണ് കേരളം. രാജ്യത്ത് തന്നെ മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ജനതയാണ് ഇവിടെയുള്ളത്. എന്നാല്‍ യുപിയിലെ സ്ഥിതി നോക്കിയാല്‍ വര്‍ഗ്ഗീയ കലാപങ്ങളും വിദ്വേഷ പ്രവര്ത്തനണങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു. രാജ്യത്ത് തന്നെ കൊലപാതകങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് യുപിയിലാണ്. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 4324 കൊലപാതകങ്ങള്‍ യുപിയില്‍ നടന്നു.
അടുത്തിടെ ഡിഎസ്പി അടക്കം എട്ടു പാലീസുകാര്‍ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടക്കുന്നു. സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ക്രൈം നടക്കുന്നത് യുപിയിലാണ്. 2019 ലെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുപിയില്‍ സ്ത്രീകള്‍ക്കെതിരേ അതിക്രമം ക്രമാതീതയമായി കൂടി. 667 ശതമാനം കൂടിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ കാര്യത്തിലും കേരളം യുപിയേക്കാള്‍ മുന്നിലാണെന്ന് പറഞ്ഞു. കോവിഡ് പരിശോധനാ കണക്കില്‍ കേരളം മുന്നിലാണ്. മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും പറഞ്ഞു.പിണറായി