മലപ്പുറം: കേരളത്തിലെ പ്രശസ്ത മുസ്ലീം തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ യുവാവ് മമ്പുറം കടലുണ്ടി പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി എടവന പള്ളിച്ചാലില്‍
സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകന്‍ സിദ്ധീഖ് (32) ആണ് മരിച്ചത്. മമ്പുറം മഖാമിനടുത്ത് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മമ്പുറം മഖാം സന്ദര്‍ശനത്തിനെത്തിയ ഏഴംഗ അംഗ സംഘത്തില്‍പെട്ട ആളായിരുന്നു സിദ്ധീഖ്.
ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തിരൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും പോലീസും ട്രോമാ കെയര്‍ സംഘവും രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷബാന. മക്കള്‍: സിയ ജബിന്‍, ഹാദി സമാന്‍, ഫാത്തിമത്ത് നൈസ ജബിന്‍. സഹോദരങ്ങള്‍: സൈനുദ്ധീന്‍, നസീമ.
മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്താണ് മമ്പുറം മഖാം സ്ഥിതി ചെയ്യുന്നത്. മമ്പുറം തങ്ങള്‍, തറമ്മല്‍ തങ്ങള്‍മാര്‍ എന്നീ പേരുകളില്‍ പ്രസിദ്ധരായ യമനി സാദാത്തുമാരുടെ കുടുംബാംഗങ്ങളാണ് ഇവിടം മറമാടപ്പെട്ടിട്ടുള്ളത്. സയ്യിദ് ഹസന്‍ ജിഫ്രി, സയ്യിദ് അലവി എന്നിവരാണ് ഇവിടം അന്ത്യവിശ്രമം കൊള്ളുന്നവരില്‍ പ്രധാനികള്‍. ആത്മീയനായകന്‍, സമുദായ നേതാവ്, മതപണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തമായിരുന്ന സയ്യിദ് അലവി സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു.