വാടക കുടിശിക നല്‍കാത്തതിന്റെ പേരില്‍ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് തണലായി എം എ യൂസഫലി. മറൈന്‍ ഡ്രൈവില്‍ ഉപജീവനത്തിനായി നടത്തിയിരുന്ന 54 കാരിയുടെ കട ജിസിഡിഎ അധികൃതര്‍ അടച്ച് പൂട്ടിയിരുന്നു. വാടക കുടിശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത അറിഞ്ഞ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി വാടക കുടിശികയിനത്തില്‍ അടയ്ക്കാനുള്ള തുക മുഴുവന്‍ നല്‍കാമെന്ന് അറിയിച്ചു. കൂടാതെ കടയിലേക്ക് വില്‍പനയ്ക്കുവേണ്ട സാധനങ്ങള്‍ വാങ്ങുവാന്‍ രണ്ടു ലക്ഷം രൂപയും നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടമ്മയുടെ ഏക വരുമാന മാര്‍ഗമായ കടയില്‍, പ്രളയവും കോവിഡ് ലോക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. മറ്റൊരു മകള്‍ അപകടത്തില്‍ പെട്ട് മരിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇവര്‍ക്ക് തറ വാടക ഈടാക്കി കട തുടങ്ങാന്‍ അനുവാദം നല്‍കിയത്. 2015 ലായിരുന്നു ഇത്. 13800 രൂപയാണ് വാടക നിശ്ചയിച്ചിരുന്നത്. മൂന്നര ലക്ഷം രൂപയെടുത്താണ് കട ആരംഭിച്ചത്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇവര്‍ക്കായില്ല.
കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഇവരെ ഒഴിപ്പിച്ചത്. ഒരു നിശ്ചിത തുക നല്‍കിയാല്‍ കട തുറക്കാന്‍ അനുവദിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നെങ്കിലും അവര്‍ക്കതിന് ആവുമായിരുന്നില്ല. ഇതിനിടെയാണ് ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പിന്റെ സഹായമെത്തിയത്.
എം എ യൂസഫലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എത്തിയ ലുലു ഗ്രൂപ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ബി സ്വരാജ് വിവരങ്ങള്‍ വീട്ടമ്മയെ അറിയിച്ചു. ഞായറാഴ്ച ഓഫീസ് അവധിയായതിനാല്‍ തിങ്കളാഴ്ച ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ അറിയിച്ചു. തിങ്കളാഴ്ച തന്നെ മുഴുവന്‍ തുകയും അടക്കുമെന്ന് എം എ യൂസഫലിയും വ്യക്തമാക്കി.