പെരിങ്ങത്തൂര്‍ : കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽ പീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. യൂത്ത് ലീഗ് പ്രവർത്തകനായ പാറാൽ മൻസൂർ (22) ആണ് വെേട്ടറ്റു മരിച്ചത്.
വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.
മന്‍സൂറിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്നും കോഴിക്കോേട്ടക്ക് മാറ്റുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.
രാവിലെ കൊച്ചിയങ്ങാടിയിൽ വെച്ച് ബംഗളൂരു കെ. എം. സി. സി. സംസ്ഥാന ട്രഷറർ ഹാരിസ് കൊല്ലത്തി (47) നെ ഒരു സംഘം സി. പി. എം. പ്രവർത്തകർ മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ ഹാരിസിനെ തലശ്ശേരി സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.