മലപ്പുറം: കൊവിഡിന്റെ പേരില്‍ കിട്ടിയ പ്രത്യേക അധികാരമുപയോഗിച്ച് ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെയും അഭിപ്രായങ്ങളെയും കേസെടുത്ത് അടിച്ചൊതുക്കാമെന്ന പോലീസിന്‍റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും പറഞ്ഞു.
വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നിസ്ക്കാരവുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള നിയന്ത്രണം നില നിന്ന പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയ പൂക്കോട്ടുംപാടം പോലീസിന്‍റെ നടപടിയെ വിമര്‍ശിച്ചും പ്രതിഷധിച്ചും ഫേസ് ബുക്കില്‍ കുറിപ്പിട്ടതിന്റെ പേരില്‍ പൂക്കോട്ടുംപാടം പാറക്കപ്പാടം സ്വദേശിയും സുന്നി യുവജന സംഘം നേതാവുമായ മുണ്ടശ്ശേരി മുഹമ്മദ് അലിയുടെ പേരില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത് ധിക്കാരപരമാണ്. തീര്‍ത്തും ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് മുഹമ്മദലി ചെയ്തത് എന്നിരിക്കെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പോലീസിന്‍റെ കണ്ടെത്തല്‍ വിചിത്രമാണ്.
സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് പോസ്റ്റിന് താഴെ വന്ന കമന്‍റുകളാണ് പ്രശ്നം എന്നാണ്. സമൂഹ മാധ്യമങ്ങളില്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ക്ക് താഴെ മറ്റുള്ളവര്‍ ഇടുന്ന കമന്‍റിന് പോസ്റ്റിട്ട ആളുടെ പേരില്‍ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ല. അങ്ങിനെയാണെങ്കില്‍ കുഴപ്പം ഉണ്ടാക്കാനുദ്ദേശിച്ച് കമന്‍റിട്ടവരുടെ പേരിലാണ് കേസെടുക്കേണ്ടത് .
ഇത്തരത്തില്‍ നിയമ വിരുദ്ധമായി കേസെടുക്കുന്ന പോലീസ് ആണ് കരുതിക്കൂട്ടി കുഴപ്പത്തിന് ശ്രമിക്കുന്നത്. കയ്യിലുള്ള നിയമം തോന്നിയ പോലെ എടുത്ത് പ്രയോഗിക്കുന്നവര്‍ കേരളം നാട്ടു രാജ്യമല്ലെന്നും ജനാധിപത്യ സ്റ്റേറ്റ് ആണെന്നും ഓര്‍ക്കണം.
ഇത്തരം പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ മേലുദ്യോഗസ്ഥന്‍മാരും സര്‍ക്കാരും തയ്യാറാവണം. അല്ലാത്ത പക്ഷം ശക്തമായ ജനാധിപത്യ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും ഇരുവരും പറഞ്ഞു.