വിദ്യാര്‍ഥികള്‍ക്കാവശ്യമായ കോഴ്സുകള്‍ ഉറപ്പാക്കും; കേരളം ഉന്നതവിദ്യാഭ്യാസ ഹബ്ബാകും: മുഖ്യമന്ത്രി
തിരുവനന്തപുരം : നവകേരള നിര്‍മിതിക്ക് അടിത്തറ പാകുന്ന പുതുചിന്തകളുമായി എ കെ ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന യുവജന ഉച്ചകോടിക്ക് തുടക്കം. വിജ്ഞാന സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന് ഊര്‍ജമേകുന്ന ആശയങ്ങളാണ് ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നത്. കേരളത്തിന്റെ ഭാവി വികസനത്തിന് ധൈഷണിക വെളിച്ചംപകരുന്ന ‘‘വിജ്ഞാനസമൂഹവും ഭാവി കേരളത്തിന്റെ രൂപരേഖയും’’ എന്ന വിഷയത്തിലുള്ള ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.
കേരളത്തെ എല്ലാ അര്‍ത്ഥത്തിലും വിജ്ഞാന സമൂഹമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനൊപ്പം ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനുള്ള നീക്കവും നടത്തുകയാണ്. ഇതിന് അടിത്തറ ഒരുക്കാനാണ് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കാവശ്യമായ കോഴ്സുകള്‍ ഉറപ്പാക്കും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ശക്തിപ്പെട്ടാല്‍ കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാകും. ഗവേഷകരും ഗവേഷണവും വന്‍തോതില്‍ വര്‍ധിക്കണം. ആശയങ്ങള്‍ സമൂഹ നന്മയ്ക്കുതകുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റണം. സമൂഹത്തിന് വേണ്ടി ജീവിക്കുന്നുവെന്ന പൊതുബോധം രൂപപ്പെടുത്താനാകണം.
കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് 1957ലെ ഇ എം എസ് സര്‍ക്കാരാണ്. പിന്നീട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാരുകള്‍ അവ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ വലതുപക്ഷ സര്‍ക്കാരുകളെല്ലാം വികസനാടിത്തറ തകര്‍ക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
വലിയതോതില്‍ അറിവുകള്‍ നേടാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യസംസ്ഥാനമാണ് കേരളം. എല്ലാവീട്ടിലും ഇന്റര്‍നെറ്റെത്തിക്കാന്‍ കെ ഫോണും നടപ്പാക്കി. പൊതുവിദ്യാഭ്യാസരംഗത്ത് പശ്ചാത്തലസൗകര്യത്തിലും അക്കാദമിക തലത്തിലും മാറ്റമുണ്ടാക്കി. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനുള്ള അടിത്തറയായി ഈ നടപടികള്‍. വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും ഓപ്പണ്‍ സര്‍വകലാശാലയും സ്ഥാപിച്ചു.
ഉന്നത വിദ്യാഭ്യാസമേഖല പൂര്‍ണമായും ശാക്തീകരിക്കുകയാണ് അടുത്തഘട്ടം. അതിനാവശ്യമായ അടിസ്ഥാന, അക്കാദമിക് തലങ്ങളിലുള്ള പിന്തുണ സര്‍ക്കാര്‍നല്‍കും. സര്‍വകലാശാലകള്‍ അഭിവൃദ്ധിപ്പെടണം. കുതിച്ചുചാട്ടമാണ് ആവശ്യം. ഉന്നതവിദ്യാഭ്യാസങ്ങളുടെ റാങ്കിങ്ങില്‍ ദേശീയ, അന്തര്‍ദേശീയ പട്ടികയില്‍ ഇടംകിട്ടണം. സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രം, നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് എന്നിവ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മികവാര്‍ന്ന കോഴ്സുകള്‍ ലഭ്യമാക്കാന്‍ നടപടി എടുത്തു. വിദേശ പ്രതിഭകളുമായി സംവദിക്കാന്‍ സംവിധാനമുണ്ടാക്കി. കേരളത്തിന് പുറത്ത് ഗവേഷണത്തിനുള്ള സൗകര്യവുമൊരുക്കും.
എ കെ ജി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ എ വിജയരാഘവന്‍ അധ്യക്ഷനായി. ഡോ. കെ എന്‍ ഹരിലാല്‍ വിഷയാവതരണം നടത്തി. ധനമന്ത്രി ഡോ. തോമസ് ഐസക്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. വി പി മഹാദേവന്‍ പിള്ള എന്നിവര്‍ പ്രഭാഷണം നടത്തി. കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ അനില രാജു, എ എ റഹീം, സച്ചിന്‍ ദേവ് എന്നിവര്‍ സംസാരിച്ചു. ഡോ. വി ശിവദാസന്‍ സ്വാഗതവും ഡോ. ഷെഫീഖ് വടക്കന്‍ നന്ദിയും പറഞ്ഞു.
‘സംസ്കാരത്തിന്റെയും വികസനത്തിന്റെയും ഭൂമികകള്‍’ സെഷനില്‍, കണ്ണൂര്‍ സര്‍വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ‘ശാസ്ത്രം സാങ്കേതികവിദ്യ’ സെഷനില്‍ എംജി സര്‍വകലാശാല വിസി ഡോ. സാബുതോമസ്, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് എന്നിവരും സംസാരിച്ചു. ഇരുസെഷനുകളിലായി പത്ത് പ്രബന്ധം അവതരിപ്പിച്ചു.