ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻഡിഎ സഖ്യം ഉപേക്ഷിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു
ഗവർണർ ഫഗു ചൗഹാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആർജെഡി, ജെഡിയു, ഇടതുപാർട്ടികൾ, കോൺഗ്രസ് ചേർന്നതാണ് മഹാസഖ്യം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപൂലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയിൽ ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. സ്പീക്കർ സ്ഥാനവും ആർജെഡിക്ക് തന്നെയാകും
നിതീഷ്, തേജസ്വി കൂട്ടുകെട്ടിൽ ബീഹാറിൽ ഇത് രണ്ടാംതവണയാണ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. 2015ലാണ് നിതീഷിന്റെയും തേജസ്വിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ അധികാരമേറ്റത്. എന്നാൽ 2017ൽ ആർജെഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.