ഇന്ത്യൻ ഇസ്ലാഹി സെന്റർ ദമ്മാം, ജൂൺ 21 ശനിയാഴ്ച,
ആത്മസംസ്കരണത്തിനും ഇസ്‌ലാമിക വിജ്ഞാന സമ്പാദനത്തിനുമായി വിസ്ഡം യൂത്ത് ദമ്മാം ചാപ്റ്റർ സംഘടിപ്പിച്ച പ്രതിമാസ തസ്കിയത്ത് പ്രോഗ്രാം **’യുവപഥം’** ശ്രദ്ധേയമായി. നിരവധി പ്രതിനിധികൾ പങ്കെടുത്ത പ്രസ്തുട സംഗമം ആത്മീയവും വൈജ്ഞാനികവുമായ ഒട്ടനവധി സെഷനുകളാൽ സമ്പന്നമായിരുന്നു. അസാം ബിൻ ഇന്‍സാഫ് സ്വാഗതം ആശംസിച്ചു. തസ്കിയത്ത് സംഗമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും യുവതലമുറയുടെ ആത്മീയ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം ആമുഖമായി സംസാരിച്ചു.
നിത്യജീവിതത്തിലെ പ്രാർത്ഥനകൾ-ഒരു മുസ്ലിമിന്റെ ദൈനംദിന ജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട പ്രാർത്ഥനകളെയും (അദ്കാറുകൾ), അവയുടെ പ്രാധാന്യത്തെയും കുറിച്ചും അഹമ്മദ് ബിൻ അസ്‌ലം ക്ലാസ്സെടുത്തു.
പ്രോഗ്രാമിന്റെ വിജയത്തിനായി, അസാൻ, യാസീദ്, അഷ്ഫാഖ് എന്നിവർ ആശംസകൾ നേർന്നു.
മുഖ്യ പ്രഭാഷണം: യുവ പണ്ഡിതൻ ഉസാമ ബിൻ ഫൈസൽ മദീനി നിർവഹിച്ചു *പ്രവാചകൻ (സ) തന്റെ സ്വപ്നത്തിൽ കണ്ട പാപികൾ”* എന്ന അതീവ ഗൗരവമേറിയ വിഷയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
പ്രസ്‌തുത ഹദീസിലൂടെ ഗൗരവ പൂര്‍വ്വം പരാമർശിക്കപ്പെട്ട ജനവിഭാഗം, ഖുർആൻ പഠിച്ച ശേഷം അത് ജീവിതത്തിൽ പകർത്താത്തവർ, നിർബന്ധ നമസ്കാരങ്ങൾ സമയത്ത് നിർവ്വഹിക്കാതെ ഉറങ്ങിപ്പോകുന്നവർ, വ്യഭിചാരികൾ, പലിശ തിന്നുന്നവർ, വ്യാജവാർത്തകളും നുണകളും പ്രചരിപ്പിക്കുന്നവർ തുടങ്ങിയവർക്ക് പരലോകത്ത് ലഭിക്കുന്ന ശിക്ഷകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പാപങ്ങളുടെ ഭീകരതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതോടൊപ്പം തന്നെ, അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തെക്കുറിച്ചും സ്രഷ്ടാവിലേക്ക് മടങ്ങേണ്ടതിന്റെയും (തൗബ) ജീവിതം ശുദ്ധീകരിക്കേണ്ടതിന്റെയും അനിവാര്യതയെക്കുറിച്ചും അദ്ദേഹം യുവാക്കളെ ബോധ്യപ്പെടുത്തി.
വിജ്ഞാന സദസ്സും സമാപനവും
പഠിച്ച കാര്യങ്ങൾ വിലയിരുത്തുന്നതിനായി **അബ്ദുള്ള ബിൻ ഫൈസൽ** നയിച്ച ആവേശകരമായ ഇസ്‌ലാമിക് ക്വിസ് മത്സരം നടന്നു. സദസ്സിലുണ്ടായിരുന്ന പ്രതിനിധികൾ സജീവമായി മത്സരത്തിൽ പങ്കെടുത്തു.
തുടർന്ന് **യാസിർ ബിൻ നൗഷാദ്** നന്ദി പ്രകാശനം നിർവ്വഹിക്കുകയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഔദ്യോഗിക സെഷനുകൾക്ക് ശേഷം പങ്കെടുത്തവർക്കായി ഒരുക്കിയ സ്നേഹവിരുന്നോടെ പ്രോഗ്രാം സമാപിച്ചു.
വരും മാസങ്ങളിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ‘യുവപഥം’ തസ്കിയത്ത് സംഗമം കൃത്യമായി സംഘടിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ദമ്മാമിലും പരിസര പ്രദേശങ്ങളിലും ഉള്ള യുവാക്കൾക്ക് ഇത്തരം സംരംഭങ്ങളിൽ പങ്കാളിയാവാനുള്ള നിരവധി അവസരങ്ങൾ പ്രയോജനപ്പെടുത്തനമെന്ന് സംഘാടകർ അറിയിച്ചു.

