സംസ്ഥാന ബജറ്റ് വികസനോന്മുഖം; പ്രവാസി പ്രഖ്യാപനങ്ങളിൽ കൂടുതൽ വ്യക്തത വേണം: ഐ സി എഫ്

കേരള സര്‍ക്കാറിന്റെ 2026- 27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) വിലയിരുത്തി. എന്നാല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക അടിത്തറയില്‍ ഇന്നും പ്രധാന പങ്ക് പ്രവാസി സമൂഹത്തിന്റെ സംഭാവനയ്ക്കാണ്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ അധ്വാനവും വിദേശനാണ്യ വരുമാനവും സംസ്ഥാനത്തിന്റെ ഉപഭോഗ, സേവന, നിക്ഷേപ മേഖലകളെ ദീര്‍ഘകാലമായി പിന്തുണച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും നിക്ഷേപ സൗഹൃദ സംവിധാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടായിരുന്നു എന്ന് ഐ സി എഫ് അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പദ്ധതികളുടെ വിപുലീകരണം, തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള തൊഴില്‍, സംരംഭകത്വ സഹായ പദ്ധതികള്‍, പ്രവാസി കുടുംബങ്ങളുടെ സാമൂഹിക സുരക്ഷ, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക വിദ്യാഭ്യാസ പിന്തുണ, ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നു.
അതോടൊപ്പം പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, പ്രവാസി സംരംഭങ്ങള്‍ക്കുള്ള പ്രോത്സാഹന പാക്കേജുകള്‍, ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ പ്രവാസി പങ്കാളിത്തം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവ സംസ്ഥാന വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും ഐ സി എഫ് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖല ഉള്‍പ്പെടെയുള്ള വിദേശ തൊഴില്‍ വിപണിയില്‍ വേഗത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പുതിയ തലമുറ പ്രവാസികള്‍ക്കായി നൈപുണ്യ വികസനം, ഡിജിറ്റല്‍ തൊഴില്‍ പരിശീലനം, ആഗോള തൊഴില്‍ സാധ്യതകളിലേക്കുള്ള മാര്‍ഗനിര്‍ദേശ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ബജറ്റ് തലത്തില്‍ ദീര്‍ഘകാല നയം രൂപീകരിക്കേണ്ടതുണ്ടായിരുന്നുവെന്നും സംഘടന അഭിപ്രായപ്പെട്ടു.
പ്രവാസികള്‍ക്ക് നാട്ടില്‍ സുരക്ഷിതമായി നിക്ഷേപം നടത്താനും വ്യവസായങ്ങള്‍ ആരംഭിക്കാനും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സോടു കൂടി “ഇന്‍വെസ്റ്റ് കേരള സെല്‍’, “സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍’ എന്നിവ പ്രഖ്യാപിച്ചത് വലിയ ചുവടുവെപ്പാണ്. പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും നല്‍കാന്‍ ഇത് സഹായിക്കും. ടൂറിസം മേഖലയ്ക്ക് 325.36 കോടി രൂപ അനുവദിക്കുകയും അതിന് വ്യവസായ പദവി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രവാസി വ്യവസായികള്‍ക്ക് ഈ രംഗത്ത് വലിയ നിക്ഷേപ അവസരങ്ങള്‍ തുറന്നുനല്‍കും.
കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള “നോളജ് വാലി’ ദൗത്യം പ്രവാസി മലയാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഉന്നതവിദ്യാഭ്യാസത്തിനായി പ്രവാസി മക്കള്‍ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യം ഒഴിവാക്കാനും നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും ഇത് സഹായിക്കും.
മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആശ്വാസമേകുന്ന “ഉമ്മന്‍ ചാണ്ടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പദ്ധതി’യിലൂടെ 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കിയത് പൊതുവെ നിരവധി പേർക്ക് ഗുണകരമാവുമെന്നും
ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.

spot_img

Related Articles

Latest news