റിയാദ്: 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആഗോള ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി, കൊല്ലം കൾച്ചറൽ അസോസിയേഷൻ (കെസിഎ) റിയാദും വൈദേഹി നൃത്ത വിദ്യാലയവും ചേർന്ന് റിയാദിലെ ദീദീസ് ബാഡ്മിന്റൺ ക്ലബ്ബിൽ യോഗാസന പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
റിയാദിലെ സന്നദ്ധപ്രവർത്തകരും പെർഫോമിംഗ് ആർട്ടിസ്റ്റുകളും പങ്കെടുത്ത പരിപാടിയിൽ, യോഗയിലൂടെ ഐക്യം, സമാധാനം, സ്നേഹം, സൗഹൃദം, ഒരുമ എന്നീ സന്ദേശങ്ങൾ പ്രചരിപ്പിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയമായ “ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ” എന്ന സന്ദേശം മുൻനിർത്തി, വ്യക്തികളുടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ ഐക്യവും സമാധാനവും വളർത്തുന്നതിനുമായി സ്ഥിരമായ യോഗാഭ്യാസത്തിന്റെ പ്രാധാന്യം പരിപാടിയിൽ വിശദീകരിച്ചു.
യോഗ മനുഷ്യരെ ഒന്നിപ്പിക്കുകയും, സുഖപ്പെടുത്തുകയും, ശക്തിപ്പെടുത്തുകയും, ജീവിതത്തിൽ പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് പരിപാടിയിൽ ചൂണ്ടിക്കാട്ടി. ലോക ഐക്യവും സമാധാനവും ശക്തിപ്പെടുത്തുന്നതിൽ യോഗയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഐക്യരാഷ്ട്രസഭ ജൂൺ 21-നെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മർദ്ദ നിയന്ത്രണം, മാനസികാരോഗ്യം മെച്ചപ്പെടുത്തൽ, മനസ്സമാധാനം, ആരോഗ്യകരമായ ഭക്ഷണശീലം, ശരീരഭാരം നിയന്ത്രിക്കൽ, ഗുണമേൻമയുള്ള ഉറക്കം എന്നിവയ്ക്കായി ദൈനംദിന യോഗാഭ്യാസം ഗുണകരമാണെന്നും പരിപാടിയിൽ അറിയിച്ചു.
ശാരീരിക ക്ഷേമം, മാനസിക അച്ചടക്കം, സാംസ്കാരിക ഐക്യം, ആത്മീയ വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു കായിക-ആരോഗ്യ ശീലമായി യോഗാസനം ലോകമെമ്പാടും വേഗത്തിൽ അംഗീകാരം നേടിക്കൊണ്ടിരിക്കുകയാണെന്നും, ഭാവിയിൽ യോഗാസന അത്ലറ്റുകൾ ഒളിമ്പിക് വേദിയിൽ മത്സരിക്കുന്ന ദിനം പ്രതീക്ഷിക്കുന്നതായും സംഘാടകർ അഭിപ്രായപ്പെട്ടു.
ലോക യോഗ ദിനത്തിന്റെ ഭാഗമായി യോഗയുടെ സന്ദേശം കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഈ ആഘോഷത്തിൽ പങ്കാളികളാകുന്നതിനുമായി ലോകമെമ്പാടുമുള്ള എൻജിഒകൾ, സംഘടനകൾ, അസോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് സംഘാടകർ ആഹ്വാനം ചെയ്തു.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈദേഹി നൃത്ത വിദ്യാലയത്തിന്റെ രശ്മി വിനോദ്, കെസിഎ പ്രസിഡന്റ് നിസാർ പള്ളിക്കാശേരി, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ജീവൻ ടിവി സൗദി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, രാജു എന്നിവർ ആശംസകൾ നേർന്നു.വരുൺ യോഗാസന പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

