മദീന: മദീന നഗരത്തില്‍ ഖുബാഅ് പള്ളിക്കും സിറ്റി സെന്‍ററിനും ഇടയിലെ യാത്രക്ക് 100 ഇലക്ട്രിക് വാഹനങ്ങള്‍.
മദീന നഗരസഭയാണ് സയ്യിദ് ശുഹദാഅ് സ്ക്വയര്‍ മുതല്‍ ഖുബാഅ് പള്ളിക്കരികിലൂടെ മസ്ജിദുന്നബവിയിലേക്കും തിരിച്ചും ആളുകളുടെ യാത്രക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സേവനം ഷട്ടില്‍ സര്‍വിസ് രീതിയിലാണ്. വ്യക്തിഗത ഗതാഗത സേവനങ്ങള്‍ക്കായുള്ള മദീനയിലെ ആദ്യത്തെ പദ്ധതിയാണിത്. മസ്ജിദുന്നബവിയിലേക്കുള്ള റോഡുകള്‍ക്കിടയില്‍ 24 മണിക്കൂറും സാധാരണ ഗതാഗത സംവിധാനം ഒരുക്കുക ലക്ഷ്യമിട്ടാണിത്.
അഞ്ചുമുതല്‍ ഏഴുവരെ ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വാഹനങ്ങളില്‍ ആളുകളെ എത്തിക്കുകയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്ന് നഗരസഭ അറിയിച്ചു. കൂടാതെ, ഇലക്‌ട്രിക് ബസുകള്‍, 60 പേര്‍ക്ക് സഞ്ചരിക്കാവുന്ന ട്രെയിനും യാത്രക്ക് ഒരുക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 500ലെത്തുകയാണ് ലക്ഷ്യം.