പത്തനംതിട്ട: നാലു വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച് കൈയൊടിച്ചതായും മാസങ്ങൾ മാത്രം പ്രായമായ മറ്റൊരു കുട്ടിയെ വിൽപ്പന നടത്തിയതായും സംശയം. അന്വേഷണത്തിന് ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവിട്ടു. ആദ്യഭർത്താവിൽ നിന്ന് വേർപെട്ട് മറ്റൊരാളുമായി താമസിക്കുന്ന അടൂർ സ്വദേശിയായ യുവതിക്ക് രണ്ടാമത് ജനിച്ച മാസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയെ വിൽപ്പന നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടത്.
യുവതിക്ക് ആദ്യ വിവാഹത്തിലുണ്ടായ നാലുവയസുകാരനായ മകന്റെ കൈ രണ്ടാനച്ഛൻ തല്ലിയൊടിച്ചെന്ന സംഭവത്തിലും അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ആദ്യവിവാഹത്തിൽ ജനിച്ച നാലു വയസുള്ള കുട്ടിയെ അമ്മയോടൊപ്പമുള്ളയാൾ ദേഹോപദ്രവം ഏൽപ്പിച്ചെന്നും കൈയ്ക്ക് ഒടിവ് സംഭവിച്ച് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണെന്നുമുള്ള വിവരം സിഡബ്ല്യുസിക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇളയ കുട്ടിയെ വളർത്തുവാനായി കൊല്ലത്തുള്ള സഹോദരിയെ ഏൽപ്പിച്ചിരിക്കുകയാണെന്നും ഇവർ പറഞ്ഞു. മൊഴികൾ പരസ്പര വിരുദ്ധമായതോടെയാണ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇവർ താമസിക്കുന്ന സ്ഥലത്തെ ഗ്രാമ പഞ്ചായത്ത് അംഗത്തിൽ നിന്നും വാടകയ്ക്ക് വീടു നൽകിയ ആളിൽ നിന്നും വിവരങ്ങൾ തേടിയെങ്കിലും ഇവരെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മതിയായ ആഹാരം പോലും ലഭ്യമാകാതെ തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു നാലുവയസുകാരൻ കഴിഞ്ഞിരുന്നത്. ഇതേ തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടത്താൻ അടൂർ പോലീസിന് നിർദ്ദേശം നൽകിയത്. നാല് വസുകാരനെ ഏറ്റെടുക്കാൻ ചൈൽഡ് ലൈനും നിർദ്ദേശം നൽകിയിട്ടുണ്ട്.