അമ്ബലപ്പുഴ: ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മയെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായിലെ ബ്രിട്ടീഷ് കമ്ബനിയായ ചോക്കോ വൈറ്റില്‍ ജോലി വാഗ്ദാനം ചെയത് നൂറോളം പേരില്‍ നിന്ന് 65000 രൂപ വീതം രാജി വാങ്ങിയെന്നാണ് പരാതി. പണം നല്കിയവരില് 48 പേരെ വിസിറ്റിംഗ് വിസയില്‍ കയറ്റി വിട്ടെങ്കിലും താമസസ്ഥലം പോലും ലഭിക്കാതെ ദുബായില്‍ കഷ്ടപ്പെടുന്നതായി ഇവരുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. തന്റെ സഹോദരന് വിഷ്ണു ദുബായിലുണ്ടെന്നും ഇയാള്‍ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്നതെന്നുമാണ് രാജി പണം നല്കിയവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ദുബായില്‍ ചെന്നവര്‍ അന്വേഷിച്ചപ്പോള്‍ ചോക്കോ വൈറ്റ് എന്ന ഒരു കമ്ബനി 2018 വരെ പ്രവര്‍ത്തിച്ചിരുന്നതായും പിന്നീട് പ്രവര്‍ത്തനം നിര്‍ത്തിയെന്നുമാണ് ലഭിച്ച വിവരം.
വിസിറ്റിംഗ് വിസയില്‍ ചെല്ലുന്നവരെ പല സ്ഥലങ്ങളിലെ ഏജന്റുമാര്‍ മുഖേന ലോഡ്ജുകളില്‍ മുറി ബുക്കു ചെയ്ത് താമസിപ്പിക്കും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ താമസവും ഭക്ഷണവും ലഭിക്കുകയുള്ളൂ. പിന്നീട് മുറിയില്‍ നിന്നും പുറത്താക്കും. ഇവര്‍ നാട്ടിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ്.
രാജിക്കു പിന്നില്‍ വമ്ബന്‍ സ്രാവുകള്‍ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രാജിയുടെ ഭര്‍ത്താവും വിദേശത്താണ്. രാജി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. രാജിയുടെ ബാഗില്‍ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളില്‍ പലരില്‍ നിന്നും വാങ്ങിയ തുകയാണിതെന്നാണ് രാജി പൊലീസിനോട് പറഞ്ഞത്.