23-01-2021
കൊണ്ടോട്ടി: മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി മേഖലകളിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന അഞ്ചുകിലോ കഞ്ചാവുമായി മഞ്ചേരി കരുവമ്പ്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി കടത്ത് സംഘത്തിലെ മൂന്നുപേരെ ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടി.
മഞ്ചേരി കരുവമ്പ്രം പുല്ലൂർ ഉള്ളാട്ടിൽ അബൂബക്കർ (38), ചെവിട്ടൻ കുഴിയിൽ സൽമാൻഫാരിസ് എന്ന സുട്ടാണി (35), കണ്ണിയൻ മുഹമ്മദ് ജംഷീർ (31) എന്നിവരെയാണ് കൊണ്ടോട്ടി ഒന്നാം മൈലിൽ വെച്ച് വെള്ളിയാഴ്ച പുലർച്ച പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മഞ്ചേരി പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് മാഫിയയിലെ അംഗങ്ങളാണ് പിടിയിലായവർ. മറ്റുള്ള ആളുകക്കെുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. പിടിയിലായ അബൂബക്കറിന് കേരളത്തിലും തമിഴ്നാട്ടിലുമായി 10 കഞ്ചാവുകേസുകളും കളവു കേസുകളുമുണ്ട്.
തമിഴ്നാട് മധുരയിൽ കഞ്ചാവുമായി പിടിക്കപ്പെട്ട് ഒരു വർഷത്തോളമായി ജയിലിലായിരുന്നു. അഞ്ചുമാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തുസംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്.
ഈ വർഷം ഇതുവരെ 40 കിലോയോളം കഞ്ചാവാണ് ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡും ജില്ല പൊലീസും ചേർന്ന് പിടികൂടിയത്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്