ഉമിനീരും വിഷമായി മാറും – പുതിയ ഗവേഷണ റിപ്പോര്‍ട്ട്

വായ് തുറന്നാൽ വാക്കുകൾ കൊണ്ട് വിഷം തുപ്പുന്ന പലരെയും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത്, നമുക്കറിയാം. എന്നാൽ അക്ഷരാർത്ഥത്തിൽ വിഷം തുപ്പുന്ന മനുഷ്യരെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. വിദൂര ഭാവിയില്‍ പരിണാമം സംഭവിച്ച്‌ മനുഷ്യന്റെ ഉമിനീരും വിഷമായി മാറുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്.

വായ്ക്കുള്ളിലെ പരിണാമത്തിന് ആവശ്യമായ ജനിതക അടിത്തറ സസ്തനികളിലും ഉരഗങ്ങളിലും ഉണ്ടെന്ന് ഓകിനാവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. അതിനാല്‍ മനുഷ്യര്‍ക്ക് ഭാവിയില്‍ വിഷം തുപ്പാന്‍ കഴിഞ്ഞേക്കും.

അണലികളിലെ വിഷത്തിലെ ജീനുകളെ കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ പാമ്പുകളിലെ വിഷഗ്രന്ഥികളും സസ്തനികളിലെ ഉമിനീര്‍ ഗ്രന്ഥികളും തമ്മിലുള്ള തന്മാത്രാ ബന്ധം കണ്ടെത്തി. ഇരകളെ കൊല്ലുന്നതിനും സ്വയം പ്രതിരോധത്തിനുമായി മൃഗങ്ങള്‍ ആയുധമാക്കിയിട്ടുള്ള പ്രോട്ടീന്റെ ഒരു കോക്ടെയ്ലാണ് വിഷമെന്ന് പഠനത്തിന്റെ ആദ്യ രചയിതാവായ അഗ്നീഷ് ബറുവ ഡെയ്‌ലി മെയിലിനോട് പറഞ്ഞു.

ചിലന്തികള്‍, തേളുകള്‍, ജെല്ലിഫിഷ്, പാമ്പുകള്‍, ചില സസ്തനികള്‍ എന്നിങ്ങനെ വിവിധ മൃഗങ്ങള്‍ക്ക് വിഷമുണ്ട്. ഈ വിഷയവുമായി ബന്ധുപ്പെട്ട മുന്‍ പഠനങ്ങളില്‍ പ്രോട്ടീനുകളെ കോഡ് ചെയ്യുന്ന ജീനുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും ഈ പഠനത്തില്‍ വ്യത്യസ്ത ജീനുകള്‍ എങ്ങനെ ഇടപെടുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തിയത്. വിഷത്തിന്റെ ഉത്ഭവത്തിനു മുമ്പുണ്ടായിരുന്ന ജീനുകളെയാണ് അവര്‍ പരിശോധിച്ചതെന്നും ബറുവ വിശദീകരിച്ചു.

തായ്‌വാന്‍ ഹാബു പാമ്പിന്റെ വിഷത്തെക്കുറിച്ച്‌ പഠിച്ച സംഘം, ധാരാളം പ്രോട്ടീനുകള്‍ ഉല്‍‌പാദിപ്പിച്ച്‌ കോശങ്ങളെ സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മൂവായിരത്തോളം ഗ്രന്ഥികള്‍ പാമ്പില്‍ കണ്ടെത്തി. ആദ്യകാല ഉമിനീര്‍ ഗ്രന്ഥികളില്‍ നിന്ന് വിഷ ഗ്രന്ഥികള്‍ പരിണമിച്ചു എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ തെളിവാണിതെന്ന് ബറുവ പറഞ്ഞു.

സസ്തനികളുടെ ഉമിനീര്‍ ഗ്രന്ഥികളെയും ശാസ്ത്രജ്ഞര്‍ പഠിക്കുകയും അവയുടെ ജീനുകള്‍ക്ക് പാമ്പിന്റെ വിഷഗ്രന്ഥികളില്‍ കാണപ്പെടുന്നതിന് സമാനമായ പ്രവര്‍ത്തനരീതി ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അതിനാല്‍, സസ്തനികളിലെ ഉമിനീര്‍ ഗ്രന്ഥികളും പാമ്പുകളിലെ വിഷ ഗ്രന്ഥികളും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരേ രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.

പാമ്പുകളുടെ വിഷങ്ങളില്‍ പലതരം വിഷവസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ചുണ്ടെലി പോലുള്ള സസ്തനികള്‍ ഉമിനീരുമായി ഉയര്‍ന്ന സാമ്യമുള്ള വീര്യം കുറഞ്ഞ വിഷമാണ് ഉല്‍‌പാദിപ്പിക്കുന്നതെന്നും ബറുവ പറഞ്ഞു.

ശരിയായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട പ്രത്യുല്‍പാദനം നടത്തിയാല്‍ ഏതാനും ആയിരം വര്‍ഷത്തിനുള്ളില്‍ നമുക്ക് വിഷമുള്ള എലികളെ നേരിടേണ്ടി വന്നേക്കാമെന്നും ബറുവ കൂട്ടിച്ചേര്‍ത്തു. ശരിയായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ മനുഷ്യരും വിഷമുള്ളവരാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര്‍. സസ്തനികളില്‍ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതില്‍ ഉമിനീര്‍ വളരെ പ്രധാനമായ പങ്കാണ് വഹിക്കുന്നത്.

ഒരു ജീവിസമൂഹത്തില്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളില്‍ ഉണ്ടാവുന്ന ഏതൊരു മാറ്റവും ജീവ പരിണാമമാണ്. പരിണാമ പ്രക്രിയ ജീവികള്‍ക്കിടയില്‍ വൈവിധ്യത്തിന് കാരണമാകുന്നു. പരിണാമം ജീവികളുടെ രൂപത്തെയും സ്വഭാവത്തെയും മാറ്റിമറിക്കും.

spot_img

Related Articles

Latest news