ഗുജറാത്തില്‍ ഇപ്പോഴും അവരുടെ നിയമവും അവരുടെ വിധിയും; കേസില്‍ നിന്ന് പിന്നോട്ടില്ലെന്നും ശമീമ കൗസര്‍
ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാനെ ഗുജറാത്ത് പൊലിസ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെയെല്ലാം കുറ്റവിമുക്തരാക്കിയതിന് പിന്നാലെ പ്രതികരണവുമായി അവരുടെ മാതാവ് ശമീമ കൗസര്‍. ഇത് ഉറപ്പിച്ചതാണെന്നും കേസിന്റെ തുടക്കം മുതലേ ഏകപക്ഷീയമായാണ് വിചാരണ നടപടികള്‍ നടന്നു വന്നതെന്നും ശമീമ പറഞ്ഞു.
സംഭവത്തില്‍ ഐ.പി.എസുകാരനായ ജി.എല്‍ സിംഗാള്‍, വിരമിച്ച ഉദ്യോഗസ്ഥരായ തരുണ്‍ ബാരറ്റ്, അനുജ ചൗധരി എന്നിവരെ കുറ്റമുക്തരാക്കി ബുധനാഴ്ച അഹമ്മദാബാദിലെ സി.ബി.ഐ കോടതി ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് ശമീമയുടെ പ്രതികരണം. കേസ് അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക സമിതി സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍, കേസിന്റെ വിചാരണ തുടങ്ങിയതോടെ പ്രതീക്ഷയെല്ലാം അസ്തമിച്ചു. ഞങ്ങളാകെ തളര്‍ന്നു. നീതി ലഭിച്ചില്ല. കൊലപാതകികള്‍ സ്വതന്ത്രരാവുകയും ചെയ്തു. ഇതില്‍ പുതുമയൊന്നുമില്ല. എല്ലാം അവരുടെ ആളുകളാണ്. അവരുടെ നിയമം, അവരുടെ വിധി. പിന്നെ നമ്മള്‍ വേറെ എന്ത് പ്രതീക്ഷിക്കാനാണ് ? -ശമീമ ചോദിക്കുന്നു.
കേസിനായി യാത്രചെയ്ത് ആകെ തളര്‍ന്നു. ഞങ്ങള്‍ക്ക് സ്വതന്ത്ര വിചാരണ ലഭിച്ചില്ല. പിന്നെ മുംബൈയില്‍ നിന്ന് ഇടയ്ക്കിടെയുള്ള അഹമ്മദാബാദ് യാത്രകൊണ്ട് എന്ത് ഉപകാരം? എങ്കിലും കേസ് വിട്ടുകൊടുക്കില്ല. അഭിഭാഷകരുമായി സംസാരിച്ച് തുടര്‍ നടപടികളിലേക്ക് കടക്കും- ശമീമ പറഞ്ഞു.
മുംബൈയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റാശിദ് കോംപൗണ്ടിലാണ് ഇശ്‌റത്തിന്റെ വീട്. നഗരത്തിലെ സ്വകാര്യ കോളജില്‍ പഠിക്കുകയും ഒഴിവു സമയങ്ങളില്‍ ട്യൂഷന്‍ എടുത്ത് പണം കണ്ടെത്തുകയും ചെയ്യുന്നതിനിടെയാണ് 2004 ജൂണില്‍ അവരെ മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് പിള്ളയുള്‍പ്പെടെയുള്ള നാലുപേര്‍ക്കൊപ്പം ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
സംഭവം നടന്നു 17 വര്‍ഷം പിന്നിടുമ്പോള്‍ ഇശ്‌റത്തിന്റെ അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഇന്ന് അവരൊരു ഓര്‍മ മാത്രമാണ്. ഞങ്ങളാരും ഇപ്പോള്‍ അവരെക്കുറിച്ച് സംസാരിക്കാറില്ല. ഒരേസ്ഥലത്താണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത് എങ്കിലും ഇവിടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നേ ഇക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയൂ- അയല്‍വാസികളിലൊരാള്‍ പറഞ്ഞു. ഇശ്‌റത്ത് വളരെ മിടുക്കിയായ വിദ്യാര്‍ഥിനിയാണെന്നാണ് അധ്യാപകരെല്ലാം അഭിപ്രായപ്പെട്ടത്- മറ്റൊരു അയല്‍വാസി അബ്ദുല്‍ അഹദ് പറഞ്ഞു.