ഇരട്ട വോട്ട് തടയാന്‍ ശക്തമായ നടപടി
പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 140 നിയമസഭാ മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 വരെ 12 മണിക്കൂര്‍ വോട്ട് രേഖപെടുത്താം.
2,74,46,039 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപെടുത്തുന്നത്. ഇതില്‍ 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്മാരും, 6086 സ്ത്രീകളും 11 ട്രാന്സ്ജെന്ഡര്മാരുമുണ്ട്.
കോവിഡ് മാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ബൂത്തുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. 6 മണിക്ക് ശേഷം ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനിൽ കഴിയുന്നവര്‍ക്കും മാത്രമാണ് വോട്ട് രേഖപെടുത്താന്‍ കഴിയുക.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണമാണ് പൊലീസ് ഏര്‍പെടുത്തിയിരിക്കുന്നത്.പ്രശ്നബാധിതാ ബൂത്തുകളില്‍ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. സിസിടിവി, ഡ്രോണ്‍ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പടുത്തിയിട്ടുണ്ട്.
കള്ളവോട്ടും ഇരട്ട വോട്ടും തടയാന്‍ പ്രത്യേക ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുള്ളത്. കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ബി.എല്‍.ഒ മാര്‍ പ്രസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് ഇരട്ട വോട്ടിന്റെ പട്ടിക കൈമാറിയിട്ടുണ്ട്. പട്ടികയിലുള്ളവരെ ബൂത്തുകളില്‍ പ്രത്യേകം നിരീക്ഷിക്കും.