സൗദിയില്‍ വാക്സിനേഷന് ദൗത്യം വേഗത്തിലാക്കാന്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യമന്ത്രാലയം. അത്യാധുനിക വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചും കുത്തിവെപ്പ് എടുക്കേണ്ടതിന്റെ അനിവാര്യത സമൂഹത്തെ ബോധവത്കരിച്ചുമുള്ള ക്യാമ്പയിൻ മന്ത്രാലയം തുടക്കംകുറിച്ചു. സിഹത്തി ആപ് വഴി കുത്തിവെപ്പിനുള്ള ബുക്കിങ്ങിന് തിരക്കേറി. ആദ്യ ഡോസ് എടുത്ത് ആവശ്യമായ ഇടവേളക്കുശേഷമുള്ള രണ്ടാം ഡോസിന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. രണ്ടാം ഡോസിനുള്ള തീയതി ആവശ്യമെങ്കില്‍ മാറ്റാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുത്തിവെപ്പിനുള്ള രണ്ടാം ഡോസ് സ്വീകരിക്കാന്‍ സിഹത്തി വഴി നേരത്തേ നല്കിയ തീയതിയില്‍ മാറ്റാന്‍ കഴിയുമോ എന്ന ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം നല്‍കിയത്. സിഹത്തി ഉപയോഗിക്കുന്നവര്‍ക്ക് 937 ടോള്‍ഫ്രീ നമ്ബര്‍ വഴി ബന്ധപ്പെടാമെന്നും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഫൈസര്‍ വാക്സിന് ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്ന് മുതല്‍ ആറ് ആഴ്ച വരെയുള്ള കാലയളവിനുള്ളില്‍ രണ്ടാമത്തെ ഡോസ് എടുക്കാമെന്ന് നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, അസ്ട്രസെനക വാക്സിന് ആദ്യ ഡോസ് എടുത്തവര്‍ക്ക് എട്ടു മുതല്‍ 12 ആഴ്ച വരെയാണ് രണ്ടാം ഡോസിനുള്ള ഇടവേള വേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.
ഫൈസര്‍ വാക്സിന് 16 വയസ്സുമുതലുള്ള എല്ലാവര്ക്കും രണ്ടു ഡോസും സ്വീകരിക്കാമെന്നും വാക്സിന് നല്‍കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മെഡിക്കല്‍ കണ്‍സല്‍ട്ടേഷനുകള്‍ നല്‍കാനും ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ആരോഗ്യ മന്ത്രാലയത്തിന്റെ ‘ഹെല്‍ത്ത് 937’എന്ന ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.