റിയാദ്: സൗദി അറേബ്യയില്‍ കേന്ദ്രീയ വിദ്യാലയത്തിന്റെ കീഴില്‍ സ്‌കൂളുകളും ഐഐടി മാതൃകയില്‍ സ്ഥാപനങ്ങളും തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. മുപ്പത്തിമൂന്നാമത് സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗതിയിലാണ്. വിദ്യാഭ്യാസ മന്ത്രി ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അംബാസഡര്‍ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ധാരണകള്‍ നിലവിലുണ്ട്. പുതിയ കരാറുകൾ ഒപ്പുവെക്കാനിരിക്കുന്നുമുണ്ട്. 477 സ്‌കോളര്‍ഷിപ്പുകള്‍ സൗദി സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍, സിബിഎസ്ഇ ചെയര്‍മാന്‍ മനോജ് അഹൂജ, സിബിഎസ്ഇ ഗള്‍ഫ് സഹോദയ ചെയര്‍മാന്‍ സുഭാഷ് നായര്‍, സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ മിറാജ് മുഹമ്മദ് ഖാന്‍, ഇന്ത്യന്‍ എംബസി സെക്രട്ടറി അസീം അന്‍വര്‍, റിയാദ് ഇന്റര്‍നാഷല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഷൗക്കത്ത് പര്‍വേസ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.