കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ സിനിമാ തിയറ്ററുകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രദര്‍ശനങ്ങള്‍ക്കായി 100 ശതമാനം സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതില്‍ ഏറ്റവും പ്രധാനം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശപ്രകാരം വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അണ്‍ലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സിനിമാഹാളുകളില്‍ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്. പൊങ്കല്‍ റിലീസുകളുടെ സമയത്ത് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ തിയറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും കേന്ദ്രം ഇടപെട്ട് തടഞ്ഞിരുന്നു.
കണ്ടെയ്ന്മെന്റ് സോണുകളില്‍ സിനിമാപ്രദര്‍ശനം പാടില്ല. തിയറ്റര്‍ ഹാളിനു പുറത്ത് കാണികള്‍ ശാരീരിക അകലം പാലിക്കണം (6 അടി). മാസ്ക് നിര്‍ബന്ധം. തിയറ്റര്‍ പരിസരത്തും ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളിലും സാനിറ്റൈസര്‍ ലഭ്യമാക്കണം. കാണികളെയും തിയറ്റര്‍ ജീവനക്കാരെയും തെര്‍മല്‍ സ്ക്രീനിംഗിന് വിധേയരാക്കി, കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ തിയറ്റര്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ.
തിയറ്റര്‍ ഹാളിന് അകത്തേക്കും പുറത്തേക്കുമുള്ള വഴികളില്‍ കാണികള്‍ക്ക് ക്യൂ നില്‍ക്കാനുള്ള സ്ഥലങ്ങള്‍ ശാരീരിക അകലം പാലിക്കാവുന്ന തരത്തില്‍ രേഖപ്പെടുത്തിയിരിക്കണം. പ്രദര്‍ശനം കഴിഞ്ഞാല്‍, തിരക്കൊഴിവാക്കാനായി ഓരോ വരിയിലുള്ള കാണികളെ വീതം പുറത്തേക്ക് പോകാന്‍ അനുവദിക്കണം. തിയറ്ററുകളിലെ 100 ശതമാനം സീറ്റുകളിലേക്കും പ്രവേശനം അനുവദിക്കാവുന്നതാണ്.