ഇന്നും നാളെയും പുറത്തിറങ്ങേണ്ട; അവശ്യ സര്‍വീസ്‌ മാത്രം

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണമെന്ന് രാഷ്ട്രിയ പാര്‍ട്ടികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ശനി, ഞായര്‍ ദിവസം എല്ലാവരും വീട്ടില്‍ ഇരിക്കണം. അനാവശ്യ യാത്ര വേണ്ട. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാം. ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം.

പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്രാനുമതിയുണ്ട്. എന്നാല്‍ രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് കൂട്ടം കൂടി നില്‍ക്കാതെ മടങ്ങണം. യാത്രാസൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സര്‍വീസ് വിഭാ​ഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോ​ഗിച്ച്‌ യാത്ര ചെയ്യാം. അവശ്യ സര്‍വീസിനുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്.

പ്ലസ് ടു പരീക്ഷയ്ക്ക് മാറ്റമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. രാത്രി നിയന്ത്രണം കര്‍ശനമായി തുടരും.

നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയര്‍ന്ന സംഖ്യയാണ്. കുറയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. മരണാനന്തര ചടങ്ങില്‍ 50 പേര്‍ക്കേ പങ്കെടുക്കാവൂ.

ട്രെയിന്‍, വിമാന സര്‍വിസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. പാല്‍, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. വീടുകളില്‍ മത്സ്യമെത്തിച്ച്‌ വില്‍ക്കാം. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണം.

spot_img

Related Articles

Latest news