കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2,624 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 2,19,838 പേർ രോഗമുക്തരായി.

ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,66,10,481 ആയി ഉയർന്നു. മരണസംഖ്യ 1,89,544 ആയി. നിലവിൽ ഇന്ത്യയിൽ 25,52,940 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആണ്. കഴിഞ്ഞ ദിവസം 3,32,730 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13,83,79,832 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

Media wings:,

spot_img

Related Articles

Latest news