പ്രാണവായുവിനായി പരക്കം പാഞ്ഞ് നഗരങ്ങൾ

ന്യൂഡൽഹി: പ്രാണവായു കിട്ടാതെ പിടയുന്നവർ, ജീവിതമാർഗം നഷ്ടപ്പെട്ട് പലായനം ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികൾ, മനുഷ്യജീവൻ പിടിച്ചുനിർത്താൻ യുദ്ധംചെയ്യുന്ന ആശുപത്രികൾ. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പിടിയിലായ രാജ്യത്തെ ദുരിതദൃശ്യങ്ങൾ.

ഉത്തരേന്ത്യയിലെ കൊടുംചൂടിൽ ആശുപത്രികൾക്കു മുന്നിൽ കാത്തുകിടക്കുകയാണ് രോഗികളും ബന്ധുക്കളുടെ മരണ വിവരമറിഞ്ഞെത്തിയവരും. ഡൽഹി സർക്കാർ ലോക്ഡൗൺ നീട്ടിയതോടെ നാടു പിടിക്കാൻ അന്തഃസംസ്ഥാന ബസ് ടെർമിനലുകളിലേക്കും റെയിൽവേസ്റ്റേഷനുകളിലേക്കും പരക്കം പായുന്നവരുടെ നീണ്ട നിരയും കാണാം.

തുടർച്ചയായ ഏഴാം ദിവസവും ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ അധികാര കേന്ദ്രങ്ങൾക്ക് ഡൽഹിയിലെ ആശുപത്രികൾ അടിയന്തര സന്ദേശം നൽകി കാത്തിരിക്കുന്നു. ഓക്സിജൻ ലഭ്യത ഉറപ്പാക്കാതെ പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് ചില സ്വകാര്യ ആശുപത്രികൾ. രോഗികളുടെ എണ്ണം കുറയ്ക്കാൻ അനുമതി നൽകണമെന്നും ചില ആശുപത്രികൾ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഓക്സിജൻ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യ വ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അരങ്ങേറിയ കൂട്ടപ്പലായനത്തിന് സമാനമാണ് ആനന്ദ് വിഹാർ ബസ് ടെർമിനലിലെയും മറ്റു ബസ് സ്റ്റേഷനുകളിലെയും രംഗങ്ങൾ. അയൽ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്കു പോകാൻ ബസ് സ്റ്റേഷനുകളിൽ കാത്തുകിടക്കുന്നവരുടെ നീണ്ട നിരയാണ് മൂന്നുദിവസമായി ഇവിടെ. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനു മുന്നിലും ആൾക്കൂട്ടം തിങ്ങിനിറഞ്ഞിരിക്കുന്നു. തൊഴിലില്ലെങ്കിൽ കൂലിയില്ലെന്ന് തൊഴിലുടമകൾ പലരും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ പരക്കം പാച്ചിൽ. തൊഴിലാളികളുടെ പലായനം സംബന്ധിച്ച് ഡൽഹി-ഉത്തർപ്രദേശ് സർക്കാരുകൾ തമ്മിൽ പതിവു പോലെ രാഷ്ട്രീയതർക്കവും ഉടലെടുത്തിട്ടുണ്ട്.

കഴിഞ്ഞ പലായന സമയത്തേതിൽനിന്നു വ്യത്യസ്തമായി ഇക്കുറി ബസ് സർവീസുകളുണ്ടെങ്കിലും അമിതമായ യാത്രനിരക്കുകളാണ് ഈടാക്കുന്നത്. അഞ്ചിരട്ടിയോളമാണ് അനധികൃത നിരക്ക് വർധന. ഡൽഹി-വാരാണസി റൂട്ടിൽ സാധാരണസമയത്ത് 500 രൂപയാണ് നിരക്കെങ്കിൽ 2500 രൂപ വീതമാണ് യാത്രക്കാരിൽനിന്ന് ഞായറാഴ്ച സ്വകാര്യ ബസുകൾ ഈടാക്കിയത്.

spot_img

Related Articles

Latest news