ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് ഡല്‍ഹി; മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തും
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്‌സിജന്‍ ക്ഷാമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ആയതെങ്കില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉയരുന്ന മരണനിരക്കാണ് അമ്പരപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24, 235 പേര്‍ കോവിഡ് ബാധിതരായി. 33 ആണ് പോസിറ്റിവിറ്റി നിരക്ക്.
ഡല്‍ഹിയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ കൂടുതലാണ് മരണത്തിന്റെ യഥാര്‍ത്ഥ കണക്കുകളെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 18ന് ശേഷമുള്ള ഒരാഴ്‌ച്ച തന്നെ 3,096 കോവിഡ് രോഗികളുടെ ശവസംസ്‌കാരം നടത്തിയെന്നാണു കണക്കുകള്‍.
എന്നാല്‍ ഇതേ കാലയളവില്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 1,938 മാത്രമാണ്. കണക്കാക്കപ്പെടാതെ പോയത് 1,158 കോവിഡ് മരണങ്ങളും. ആശുപത്രികളില്‍നിന്നു നേരിട്ടു കൊണ്ടുവന്ന മൃതദേഹങ്ങള്‍ മാത്രമാണ് എംസിഡി കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും ഔദ്യോഗിക കണക്കുകളുമായി ഈ ഡേറ്റ പൊരുത്തപ്പെടാത്തത് എന്തെന്നു വ്യക്തമല്ല.
പുറമെ നഗര ശ്മശാനങ്ങളില്‍ വീട്ടിലിരിക്കെ കോവിഡ് മൂലം മരിക്കുന്ന ആളുകളെയും സംസ്‌കരിക്കാനായി എത്തിക്കുന്നുണ്ട്. എന്നാല്‍ വീട്ടില്‍ കോവിഡ് മൂലം മരിച്ചവരെ കോവിഡ് കണക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. മരിച്ചയാള്‍ കോവിഡ് പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്ന എന്നു കുടുംബം ശ്മശാനത്തിലെ ജീവനക്കാരോടു പറഞ്ഞാല്‍, ‘സംശയകരം’ എന്ന പ്രത്യേക വിഭാഗത്തിലാണു രേഖപ്പെടുത്തുക. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തുകയും ചെയ്യും. എന്നാല്‍ ഈ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അനുദിനം ആശുപത്രികളും ശ്മശാനങ്ങളും നിറയുന്ന കാഴ്ചയാണ് തലസ്ഥാന നഗരിയില്‍. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ ദിനംപ്രതി 20 മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്ന സ്ഥാനത്ത് 75 ഓളം മൃതദേഹങ്ങളാണ് ഈ ദിവസങ്ങളില്‍ ദഹിപ്പിക്കേണ്ടി വരുന്നത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഡല്‍ഹി പൊലീസ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.