അഫ്ഗാനിസ്താനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് ലോഗറിന്റെ തലസ്ഥാനമായ പുല്‍ എ ആലാമില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പ്രവിശ്യാ കൗണ്‍സില്‍ മുന്‍ മേധാവി ദിദാര്‍ ലോവാങിന്റെ വീടിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.

റമദാനില്‍ അതിഥികള്‍ നോമ്പ് തുറക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് ലോഗറിന്റെ പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ ഹസിബുസ്സ സ്റ്റാനെക്‌സായി പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും വീട്ടില്‍ താമസിച്ചിരുന്നവരും യൂനിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ തലസ്ഥാനത്തേക്ക് പോയവരും സര്‍ക്കാര്‍ അനുകൂല സൈനികരും ഉള്‍പ്പെടുന്നു.

സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. രണ്ട് പതിറ്റാണ്ട് നീണ്ട വൈദേശിക സൈന്യത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കാന്‍ സപ്തംബര്‍ 11 നകം യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച ശേഷം അഫ്ഗാനിസ്താനില്‍ അക്രമം വര്‍ധിച്ചിരുന്നു. ഉപാധികളുടെ അടിസ്ഥാനത്തില്‍ മെയ് ഒന്നിനകം നിര്‍ദ്ദിഷ്ട സൈന്യം അഫ്ഗാന്‍ വിടുമെന്ന് അറിയിച്ചിരുന്നു.

വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് അരിയന്‍ പറഞ്ഞു. പരിക്കേറ്റ 60 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിരവധി വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായും ഒരു പ്രവിശ്യാ ആരോഗ്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിസ്താനിലേക്കുള്ള യൂറോപ്യന്‍ യൂനിയന്റെ പ്രതിനിധി സംഘം ആക്രമണത്തെ അപലപിച്ചു.

spot_img

Related Articles

Latest news