റിയാദ്: ഒ.ഐ.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റും കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന പി.എം. നജീബിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി റിയാദ് ഘടകം അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് അഷ്റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു.
മികച്ച സംഘാടകനും വാഗ്മിയും ആത്മാര്‍ഥതയുള്ള രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം പ്രസ്ഥാനത്തിന് വേണ്ടി മരണംവരെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. പരിചയപ്പെട്ടവര്‍ക്കാര്‍ക്കും ഏറെ നര്‍മബോധമുള്ള അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന ചിരിയും സംസാരവും ഒരിക്കലും മറക്കാന്‍ കഴിയില്ല. രോഗബാധിതനായി മരണത്തിന് കീഴടങ്ങുന്നതിനു മുമ്പ് അദ്ദേഹം മുഖപുസ്തകത്തില്‍ കുറിച്ച ‘ശ്വസിക്കാന്‍ ജീവവായു കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാരാണ്’ എന്ന വാക്കുകള്‍ ഏവരുടെയും മനസ്സില്‍ വിങ്ങലായി നില്‍ക്കുന്നതാണ്.
പി.എം. നജീബിന്റെ വേര്‍പാട് സൗദിയില്‍ ഒ.ഐ.സി.സി പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. യോഗത്തില്‍ അഷ്റഫ് വേങ്ങാട്ട്, ജയന് കൊടുങ്ങല്ലൂര്‍, ശിഹാബ് കൊട്ടുകാട്, സത്താര്‍ കായംകുളം, ഷാജി സോണ, ഗഫൂര്‍ കൊയിലാണ്ടി, സിദ്ദീഖ് കല്ലൂപറമ്പന്‍, എസ്.പി. ഷാനവാസ്, നിഷാദ് ആലംകോട്, കുഞ്ഞിമോന്, ജോണ്സണ് മാര്‍ക്കോസ്, നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, ബനൂജ്, സലീം വാഴക്കാട്, മുജീബ് കായംകുളം, കബീര്‍, നാസര്‍ ലെയ്സ് എന്നിവര്‍ സംസാരിച്ചു.