മുംബൈ: ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി വീണ്ടും ഇന്ത്യന്‍ ടീമിന്റെ നായകനായി തിരിച്ചെത്തി. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍ ഇഷാന്ത് ശര്‍മയും ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യയും ടീമില്‍ സ്ഥാനം നേടി. 18 അംഗ ടീമിനെയാണ് ചേതന്‍ ശര്‍മ അധ്യക്ഷനായ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
കുഞ്ഞ് ജനിച്ചതിനാല്‍ ഓസ്ട്രേലിയന്‍ പര്യനത്തിലെ അവസാന മൂന്ന് ടെസ്റ്റില്‍ നിന്നും പിന്നീട് അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. രഹാനെയുടെ നായകത്വത്തില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടുകയും ചെയ്തിരുന്നു. കോഹ് ലി നയിച്ച അഡ്ലെയ്ഡ് ടെസ്റ്റില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യ പിന്നീടുള്ള മൂന്ന് ടെസ്റ്റില്‍ രണ്ടു ജയം നേടിയാണ് പരമ്പര സ്വന്തമാക്കിയത്.
അവസാന ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഷര്‍ദുല്‍ ഠാക്കൂറും, പരമ്പരയിലെ അവസാന മൂന്ന് ടെസ്റ്റിലും തിളങ്ങിയ മുഹമ്മദ് സിറാജും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. സിറാജ് 13 വിക്കറ്റുകളാണ് പരമ്പരയില്‍ നേടിയത്. ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ഇംഗ്ലണ്ടിനെതിരേയും ഇന്നിംഗ്സ് തുടങ്ങിയേക്കും. പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേലിനും ടീമില്‍ സ്ഥാനം ലഭിച്ചു.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ഹ ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍.രാഹുല്‍, ആര്.അശ്വിന്, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍.
മീഡിയ വിങ്സ്, മുംബൈ