ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ഹരിയാനയിൽ ബ്ലാക് ഫംഗസ് ഒരു നോട്ടിഫൈഡ് രോഗമായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു. സർക്കാർ- സ്വകാര്യ ആശുപത്രിയിൽ രോഗിക്ക് ബ്ലാക് ഫംഗസ് കണ്ടെത്തിയാൽ സിഎംഒ ക്ക് റിപ്പോർട്ട് ചെയ്യണമെന്നും രോഗം തടയുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അനിൽ വിജ് വ്യക്തമാക്കി.