ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കണം : പൃഥ്വിരാജ്

ലക്ഷദ്വീപിന്റെ സ്വൈര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടൻ പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപില്‍ നിന്ന് തനിക്ക് അറിയുന്നതും അറിയാത്തതുമായ വ്യക്തികള്‍ വിളിക്കുന്നു.

അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങിനെ തുടരുന്നു

ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നാണ് ആദ്യമായി ലക്ഷദ്വീപിലേക്ക് പോകുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം, സച്ചിയുടെ അനാര്‍ക്കലിക്ക് വേണ്ടി ഞാന്‍ ലക്ഷദ്വീപിലെത്തി. ഞാന്‍ കാവരതിയില്‍ 2 മാസം ചെലവഴിച്ചു. ഒപ്പം ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള സുഹൃത്തുക്കളെയും ഉണ്ടാക്കി.

രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വീണ്ടും ഞാന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സീക്വന്‍സെടുക്കുന്നതിന് ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപിലെ സ്‌നേഹമുള്ള ആളുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇവയൊന്നും സാധ്യമാകുമായിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഈ ദ്വീപുകളില്‍ നിന്ന് എനിക്കറിയാത്തതും അറിയാവുന്നതുമായ ആളുകളില്‍ നിന്ന് നിരാശാജനകമായ സന്ദേശങ്ങള്‍ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ എനിക്ക് കഴിയുന്നത് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്തു കൊണ്ട് ദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ”പരിഷ്‌കാരങ്ങള്‍” തികച്ചും വിചിത്രമാണെന്നതിനെ കുറിച്ച് ഞാന്‍ ലേഖനമൊന്നും എഴുതാന്‍ പോകുന്നില്ല. അതേ കുറിച്ച് വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ലേഖനങ്ങള്‍ ലഭ്യമാണ്.

എനിക്ക് മനസിലായത് എനിക്കറിയാവുന്ന ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്.

ഒരിക്കലും ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിര്‍ത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിത രീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്‍ഗമായി മാറുന്നു.

നമ്മുടെ സിസ്റ്റത്തില്‍ എനിക്ക് വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളില്‍ കൂടുതല്‍ വിശ്വാസമുണ്ട്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും. ‍അസംതൃപ്തരാകുമ്പോൾ അവര്‍ അത് ലോകത്തിന്റെയും അവരുടെ ഗവണ്‍മെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഞാന്‍ കരുതുന്നു. അതിന് വേണ്ടി പ്രവര്‍ത്തിക്കുക

അതിനാല്‍, ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍, ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം ശ്രദ്ധിക്കുക. അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാന്‍ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. അതിലും മനോഹരമായ ആളുകള്‍ അവിടെ താമസിക്കുകയും ചെയ്യുന്നു.

 

Related : ലക്ഷദ്വീപിൽ എന്താണ് സംഭവിക്കുന്നത്? – വീഡിയോ

spot_img

Related Articles

Latest news