തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത മാത്രം മുന്നിൽക്കണ്ടു സ്ഥാനാർഥികളെ നിശ്ചയിക്കണമെന്നു സിപിഎം സംസ്ഥാന സമിതി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമായിരുന്നു തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയം. നടക്കില്ലെന്ന് എഴുതിത്തള്ളിയ മിക്ക പദ്ധതികളും തുടങ്ങാനും പൂർത്തിയാക്കാനും കഴിഞ്ഞു. കോവിഡ് കാലത്തെ ഭക്ഷ്യധാന്യ കിറ്റും ക്ഷേമപെൻഷനും ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി.
വിവാദങ്ങൾ ഒഴിവാക്കി വികസനം മാത്രം പറഞ്ഞു ജനങ്ങളെ സമീപിച്ചാൽ തുടർഭരണം സാധ്യമാണെന്നും സംസ്ഥാന സമിതിയിൽ നേതാക്കൾ പറഞ്ഞു. രണ്ടു ടേം മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്നു നിർബന്ധം പിടിക്കരുത്. ഇക്കാര്യത്തിൽ പാർട്ടി ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണം.സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ വീടുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാർട്ടി കമ്മിറ്റികൾ സന്ദർശനം നടത്തണമെന്നും സംസ്ഥാന സമിതിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.