കൊച്ചി: കള്ളപ്പണ കേസിൽ ആരോപണ വിധേയനായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ പൊട്ടിക്കരഞ്ഞു. സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് പറഞ്ഞായിരുന്നു സുരേന്ദ്രന്റെ പൊട്ടിക്കരഞ്ഞത്. മുന്നൂറോളം കേസുകൾ തന്റെ പേരിലുണ്ടെന്നും ഒരു കേസിലും യാഥാർത്ഥ്യമില്ലെന്നും വ്യക്തമാക്കിയ സുരേന്ദ്രൻ, ഇപ്പോൾ തന്റെ കുടുംബത്തെ വേട്ടയാടാൻ തുടങ്ങിയെന്നും പറഞ്ഞു. കള്ളപ്പണ കേസിൽ സുരേന്ദ്രന്റെ മകനെ പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ പാർട്ടിക്കുള്ളിൽനിന്ന് കൂടുതൽ വിമർശനങ്ങളും ഉയർന്നത് സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ സുരേന്ദ്രൻ വിരുദ്ധ പക്ഷം ശക്തിയാർജ്ജിക്കുന്ന സ്ഥിതി കൂടി വന്നതോടെ സുരേന്ദ്രന്റെ നില പരുങ്ങലിലാണ്. കുമ്മനം രാജശേഖരൻ അടക്കമുള്ളവർ സുരേന്ദ്രനെ പിന്തുണക്കുന്നുവെന്ന് പുറത്തേക്ക് പറയുമ്പോഴും പാർട്ടിക്കുള്ളിൽ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. കേരള പോലീസ് വൈകാതെ തന്നെ കുടുക്കുമെന്നും എല്ലാവരുടെയും പിന്തുണയില്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നും സുരേന്ദ്രൻ യോഗത്തെ അറിയിച്ചു. കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി ചേർന്ന പത്രസമ്മേളനത്തിൽ സുരേന്ദ്രന് പിന്തുണ നൽകുകയാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കോർ കമ്മിറ്റി യോഗത്തിൽ ഇവരടക്കമുള്ളവർ കനത്ത വിമർശനമാണ് ഉയർത്തിയത്.
അതിനിടെ, കൊടകര കേസിൽ ഇ.ഡി അന്വേഷണം തേടണമെന്ന ആവശ്യം കേന്ദ്രമന്ത്രി വി. മുരളീധരൻ നിരസിച്ചു. പണം നഷ്ടമായെന്ന് പരാതി നൽകിയ ധർമരാജൻ ബി.ജെ.പിക്കാരൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ കോൾ ലിസ്റ്റിൽ ബി.ജെ.പിക്കാരുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
കൊടകര കുഴൽപ്പണ കേസിൽ പോലീസ് ഗൂഢാലോചന നടത്തുന്നുവെന്ന് ബി.ജെ.പി ഭാരവാഹികൾ ആരോപിച്ചു. കോർ കമ്മിറ്റി യോഗത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് കുമ്മനം രാജശേഖരൻ ആരോപണം ഉന്നയിച്ചത്. പരാതിക്കാരൻ ആരൊയൊക്കെയോ ഫോൺ വിളിച്ചിട്ടുണ്ടോ അവരെയെല്ലാം തേടിപ്പിടിച്ച് അന്വേഷണം നടത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും കുമ്മനം ആരോപിച്ചു. ബി.ജെ.പിയെ നശിപ്പിക്കാൻ വേണ്ടിയാണ് ഇക്കാര്യം ചെയ്യുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ മകനെ വരെ ചോദ്യം ചെയ്യുകയാണ് പോലീസ്. ബി.ജെ.പിയെ അവഹേളിച്ച് ജനമധ്യത്തിൽ കരിവാരിത്തേക്കാനാണ് ശ്രമം. കുഴൽപ്പണ കേസിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കുന്നില്ല. സത്യവുമായി പുലബന്ധം പോലുമില്ലാത്ത ആരോപണമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് അദ്ദേഹത്തെ ജനമധ്യത്തിൽ പരിഹാസ്യനാക്കാനുള്ള നീക്കം വിലപ്പോകില്ല. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തിൽ ബി.ജെ.പിയുടെ വേരോട്ടം ശക്തമാണ്. മുഴുവൻ എതിർപ്പുകളും മറികടക്കും. മാധ്യമവിചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് പാർട്ടിക്കുണ്ട്.
ധർമ്മരാജൻ കേസിലെ സാക്ഷിയാണെന്നും പ്രതിയാണെന്ന തരത്തിലാണ് ചോദ്യം ചെയ്യുന്നതെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. എന്ത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യും. എന്നാൽ കേരള പോലീസ് പക്ഷപാതപരമായ അന്വേഷണമാണ് നടത്തുന്നതെന്നും ബി.ജെ.പി ആരോപിച്ചു.