കണ്ണൂർ : കോൺഗ്രസിന് പുത്തനുണർവ് നൽകുക എന്ന ഉത്തരവാദിത്തം നിറവേറ്റുമെന്ന് നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കേരളത്തിലെ രാഷ്ട്രിയ പ്രബുദ്ധതയുള്ള ജനങ്ങളുടെ മുന്നിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരാൻ എളുപ്പമാണെന്നാണ് വിശ്വാസം. കോൺഗ്രസിലെ നേതാക്കളെ ഒറ്റകെട്ടായി മുന്നോട്ട് കൊണ്ടു പോകും. സെമികേഡർ സിസ്റ്റം പാർട്ടിയിൽ ഉണ്ടാക്കും. അച്ചടക്ക നടപടികൾ കൈക്കൊള്ളാൻ ജില്ല തലത്തിലടക്കം സമിതികൾ ഉണ്ടാകും. ഡി സി സി പുനസംഘടന 5 അംഗ കമ്മിറ്റിയെ നിയോഗിക്കും. ജൂൺ 16 ന് കെപിസിസി പ്രസിഡന്‍റായി ചുമതലയേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജന്മനാടായ കണ്ണുരിലെത്തിയ കെ സുധാകരനെ ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി , കെ പി സി സി നേതാക്കളായ വി എ നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, തുടങ്ങിയവർ സ്വീകരിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക സ്വീകരണ പരിപാടി ഉണ്ടായിരുന്നില്ല.