‘കോവിഡ് വാക്‌സിന്‍ സ്വീകരിക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതര്‍’
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് ബാബ രാംദേവ്. വാക്‌സിന്‍ സ്വീകരിക്കില്ലെന്നും അലോപ്പതി ചികിത്സ മോശമാണെന്നുമുള്ള തരത്തില്‍ നിലപാടുകള്‍ വിളിച്ചു പറഞ്ഞ രാംദേവ് ഇപ്പോള്‍ എല്ലാ നിലപാടുകളും മാറ്റി പറഞ്ഞിരിക്കുകയാണ്.
താന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതരാണെന്നും രാംദേവ് പറഞ്ഞു. കോവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണം നേടിയാല്‍ ഒരാള്‍ക്ക് പോലും ജീവന്‍ നഷ്ടമാവില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു.
അലോപ്പതി ചികിത്സക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ഐ എം എ അടക്കം രാംദേവിനെതിരെ രംഗത്ത് വന്നിരുന്നു. ഐഎംഎയുടെ എതിര്‍പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു സംഘടനക്കും എതിരല്ലെന്നാണ് രാംദേവിന്റെ പുതിയ നിലപാട്.