റിയാദ്: ധീരദേശാഭിമാനിയും സ്വാതന്ത്ര്യസമര സേനാനിയുമായ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 81-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
റിയാദ് ബത്ത സബർമതി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഒ.ഐ.സി.സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗവും പ്രോഗ്രാം ചെയർമാനുമായ യഹിയ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും ഐ.സി.എഫ് ഗ്ലോബൽ കമ്മിറ്റി അംഗവും കോഡിനേറ്ററുമായ മുനീർ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ത്യാഗത്തിന്റെയും ധീരതയുടെയും മതനിരപേക്ഷതയുടെയും ഉജ്ജ്വല പ്രതീകമാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് പ്രഭാഷകർ അനുസ്മരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മലബാറിൽ ദേശീയ പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം നൽകിയ അദ്ദേഹം നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടും പോരാട്ടവീര്യം കൈവിടാതെ നിലകൊണ്ട വ്യക്തിത്വമായിരുന്നു.
സ്വാതന്ത്ര്യം കേവലം വിദേശഭരണത്തിൽ നിന്നുള്ള മോചനമല്ലെന്നും തുല്യനീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നതായി സമ്മേളനം വിലയിരുത്തി.
മതസൗഹാർദം, ദേശീയ ഐക്യം, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും സമകാലിക സമൂഹത്തിലും ഏറെ പ്രസക്തമാണെന്ന് യോഗം വിലയിരുത്തി. ‘അൽ അമീൻ’ പത്രത്തിലൂടെ ദേശീയബോധവും സ്വാതന്ത്ര്യചിന്തയും ജനങ്ങളിലെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും സമ്മേളനം അനുസ്മരിച്ചു.
മുൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് നാസർ വലപ്പാട്, ഷംനാദ് കരുനാഗപ്പള്ളി, ഷുക്കൂർ ആലുവ, ജയൻ കൊടുങ്ങല്ലൂർ, മുജീബ് ഷാ ഗുരുവായൂർ, അമീർ പട്ടണത്ത്, വി.ജെ. നസറുദ്ദീൻ, നാദിർഷ റഹ്മാൻ, നാസർ മാവൂർ, വിവിധ ജില്ലാ പ്രസിഡന്റുമാരായ ഷിഹാബ് പാലക്കാട്, സന്തോഷ് കണ്ണൂർ, ഷാജി മടത്തിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രഡിൻ അലക്സ്, സിജു, ഹരീന്ദ്രൻ കണ്ണൂർ, ഷറഫു ചിറ്റൻ, മൊയ്തീൻ മണ്ണാർക്കാട്, റസാഖ് ചാവക്കാട്, രാജേഷ് ഉണ്ണിയാട്ടിൽ എന്നിവർ ചരിത്രാനുഭവങ്ങളും അനുസ്മരണ സന്ദേശങ്ങളും പങ്കുവെച്ചു.
നാഷണൽ ജനറൽ സെക്രട്ടറി മാള മുഹിയുദ്ദീൻ ഹാജി ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സുലൈമാൻ മുള്ളൂർക്കര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫ് റഹ്മാൻ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, മുസ്തഫ, ഡേവിഡ് ചാലക്കുടി, ഷംസീർ പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

