ഫറോക്ക്: ബേപ്പൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പ്രവൃത്തികൾ വേഗത്തിലാക്കാൻ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.
കഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട മണ്ണൂർ – ചാലിയം റോഡ് പ്രവൃർത്തിയിൽ കെഎസ്ഇബി, വാട്ടർ അതോരിറ്റി എന്നിവയുടെ തടസ്സങ്ങൾ നീക്കി ഡിസംബർ 21 നകം പ്രവൃർത്തി പൂർത്തീകരിക്കണം.
ചെറുവണ്ണൂർ കൊളത്തറ റോഡിനായുള്ള ഭൂമി ഏറ്റെടുക്കൽ പൂർണമായും പൂർത്തിയാക്കിയതിനൊപ്പം, ബഡ്ജറ്റിൽ വകയിരുത്തിയ 15 കോടിയുടെ റോഡ് നിർമ്മാണ പ്രവൃർത്തി ഉടൻ ആരംഭിക്കാനും.
കടലുണ്ടി റെയിൽവേ മേൽപ്പാലം നിർമ്മാണത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ കൂടുതൽ ഊന്നൽ നൽകാനും തീരുമാനിച്ചു. തൊണ്ടിലക്കടവ് പാലം നിർമ്മാണത്തിൻ്റെ എസ്റ്റിമേറ്റ് വേഗത്തിൽ സമർപ്പിക്കാനും ഭൂമി ഏറ്റെടുക്കൽ പ്രവൃർത്തികൾ ത്വരിതപ്പെടുത്തുവാനും നിർദ്ദേശം നൽകി.
കിഫ്ബിയിൽ ഉൾപ്പെടുത്തിയ ബേപ്പൂർ – ചെറുവണ്ണൂർ റോഡ് (ബിസി റോഡ് ), വട്ടക്കിണർ – പുലിമുട്ട് റോഡ് , ഫറോക്ക് റെയിൽവെ ഓവർ ബ്രിഡ്ജ് അപ്രോച്ച് റോഡ് എന്നിവയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളും വേഗത്തിലാക്കാനും ഓരോമാസവും ഇതിൻ്റെ പുരോഗതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
ജല്ലാ കലക്ടർ എസ് സാംബശിവറാവു , പൊതുമരാമത്ത് റോഡ്, പാലങ്ങൾ വിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു