മലപ്പുറം- മാസ്‌കിടാതെ പുറത്തിറങ്ങിയ വയോധികക്ക് പിഴ ചുമത്തുന്നത് വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലെ മൂത്തേടം ചോളമുണ്ടയിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആയിശ എന്ന വയോധികയെ തടഞ്ഞുനിർത്തി ഫൈൻ ഈടാക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. സ്വന്തം വീട്ടിൽനിന്ന് മകളുടെ വീട്ടിലേക്ക് നടന്നുപോകുന്ന സ്ത്രീയെയാണ് കോവിഡ് പ്രതിരോധത്തിനുള്ള സംഘം പിടികൂടിയത്. മകളുടെ വീട്ടിലേക്ക് പോകുകയാണെന്ന് ആവർത്തിച്ച് പറയുന്ന ഇവരോട് മാസ്‌ക് ഇടാതെ നടക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നുണ്ട്. ഇതിനുള്ള ഫൈനാണ് ഉദ്യോഗസ്ഥർ ഈടാക്കുന്നത്. ഒരു കടലാസ് എഴുതിത്തരാമെന്നും മകനോ മകൾക്കോ കൊടുക്കണമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവം എന്താണെന്ന് മനസിലാകാത്ത സ്ത്രീ വേഗം കടലാസ് എഴുതിത്തരീ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം.
ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
അതേസമയം, ആരോഗ്യപ്രവർത്തകർക്ക് എതിരെ മക്കളും നാട്ടുകാരും പരാതി നൽകി. ചോദ്യം ചെയ്യുന്ന വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിന് എതിരെയാണ് പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് കാസിം ദാരിമി എന്നയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ്:
ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടു . പ്രായമുള്ള ഒരുമ്മയെ പോലീസ് ചോദ്യം ചെയ്യുന്ന രംഗം..( ഞാൻ അത് ഇവിടെ പോസ്റ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല.)
മാസ് കിടാതെ റോഡിലിറങ്ങിപ്പോയ ഈ പാവം ഉമ്മയോടുള്ള പോലീസ് നിലപാട് പ്രതിഷേധാർഹമാണ്, പ്രായാധിക്യം കൊണ്ട് കേൾവി പോലും കൃത്യതയില്ലാത്ത അവരുടെ നിഷ്‌കളങ്കതയെ വീഡിയോ പിടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതർഷിപ്പിക്കുന്ന പോലീസുകാരൻ ‘കഴുതയല്ലാതെ ‘ മറ്റെന്താണ്.
ആ പാവം ഉമ്മയുടെ കൈയിൽ റസിപ്റ്റ് മുറിച്ച് കൊടുക്കുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അവർ സ്വീകരിക്കുന്നത് കണ്ടില്ലെ. പാവം അവർക്കെന്തറിയാം. സ്വന്തം മകന്റെ വീട്ടിലേക്ക് വസ്ത്രമലക്കാൻ കൊടുക്കാനും, കുളിക്കാനും ഇറങ്ങിയ അവർ ഒരു ദീർഘദൂര യാത്രക്കാരിയൊന്നുമല്ലല്ലോ .
സ്വന്തം വീട്ടിന്ന് റോഡ് മുറിച്ച് കടന്ന് മകന്റെ വീട്ടിലേക്ക് പോകാനിറങ്ങിയതല്ലെ. പിന്നെന്തിന് ഇങ്ങനെ അവരെ അപഹസിക്കണം. അവർക്കുമില്ലെ ആത്മാഭിമാനം. ഇതെഴുതിക്കൊടുത്ത വനിതാ പോലീസും ഒരമ്മയായിരിക്കുമല്ലൊ. അവരുടെ കുടുംബത്തിലും കാണില്ലെ ഇങ്ങനെയുള്ളവർ.
നല്ല ഒരുപദേശം കൊടുത്തിരുന്നെങ്കിൽ അതല്ല, അവരുടെ മക്കളെ വിളിച്ച് ഉപദേശിച്ച് വിട്ടിരുന്നെങ്കിൽ എത്ര മാതൃകാപരമായിരുന്നു. മറിച്ച് ആ പാവം ഉമ്മയെയും, അവരുടെ മക്കളെയും ഇങ്ങനെ മാനം കെടുത്താൻ മാത്രം ഇവർ ക്രിമിനലുകളൊന്നുമല്ലല്ലോ. പോലീസിന്റെ ഉത്തരം നിലപാടിനെതിരെ നാം ശക്തമായി പ്രതിഷേധിച്ചേ മതിയാകൂ.
കാരണം ഇത് യു.പിയല്ല. കേരളമാണ്.