ദല്‍ഹി കലാപത്തില്‍ ഫെയ്‌സ്ബുക്കിന്റെ പങ്ക് പരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- 2020 ഫെബ്രുവരിയില്‍ ഉണ്ടായതു പോലുള്ള ഒരു കലാപം വീണ്ടും തലസ്ഥാന നഗരമായ ദല്‍ഹിക്ക് താങ്ങാനാവില്ലെന്നും ഇതില്‍ ഫെയ്‌സ്ബുക്കിന്റെ പങ്ക് പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി. കലാപവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ദല്‍ഹി നിയമസഭാ സമിതി വിളിപ്പിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഫെയ്‌സ്ബുക്കിനെതിരെ തിരിഞ്ഞത്. ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കി അഭിപ്രായ സ്വാതന്ത്ര്യം സാധ്യമാക്കുന്നതില്‍ ഫെയ്‌സ്ബുക്ക് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോഴും ഇത് ഭിന്നിപ്പുണ്ടാക്കുന്ന സന്ദേശങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന കാര്യം കാണാതിരുന്നു കൂടാ- ജസ്റ്റിസുമാരായ എസ് കെ കൗള്‍, ദിനേശ് മഹേശ്വരി, ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവരങ്ങള്‍ ഉണ്ടാക്കുകയോ നിയന്ത്രിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്നതില്‍ യാതൊരു പങ്കുമില്ലെന്നും മൂന്നാം കക്ഷി വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്ന പ്ലാറ്റ്‌ഫോം മാത്രമാണ് തങ്ങളെന്നുമുള്ള ഫെയ്‌സ്ബുക്കിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഇന്ത്യയിലെ ജനസംഖ്യ ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് ഇവിടം ഒരു പ്രധാന ഇടമാണ്. പ്രാദേശിക സംസ്‌ക്കാരം, ഭക്ഷണം, വസ്ത്രധാരണം, ഭാഷ, മതം, പാരമ്പര്യം എന്നിവയിലെല്ലാം മുഴുവന്‍ യുറോപ്പിനേക്കാളും കൂടുതല്‍ വൈവിധ്യമുള്ള നാടാണ് ഇന്ത്യ. ഫെയ്‌സ്ബുക്ക് പറയുന്ന ഏതെങ്കിലും സ്വാതന്ത്ര്യത്തിന്റെ പേരിലോ അറിവില്ലെന്ന പേരിലോ ഇതില്‍ ഇടങ്കോലിടാന്‍ പറ്റില്ല- കോടതി വ്യക്തമാക്കി.

പല രാജ്യങ്ങളിലും ഫെയ്‌സ്ബുക്ക് സ്വീകരിക്കുന്ന നിലപാടിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടി. യുഎസില്‍ ഒരു പബ്ലിഷര്‍ എന്നാണ് ഫെയ്‌സ്ബുക്ക് വിശേഷിപ്പിക്കുന്നത്. അവിടത്തെ നിയമ പ്രകാരമുള്ള പരിരക്ഷയ്ക്കു വേണ്ടിയാണിത്. അതേസമയം ഇന്ത്യയില്‍ വെറും ഒരു സോഷ്യല്‍ മീഡിയ എന്നു മാത്രമാണ് ഫെയ്‌സ്ബുക്ക് സ്വയം വിശേഷിപ്പിക്കുന്നത്. രണ്ടു രാജ്യങ്ങളിലും ഒരേ പോലെ പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെ സൗകര്യം അനുസരിച്ച് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയാണ്. വാണിജ്യ, പ്രവര്‍ത്തന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമെ ഏതൊരു കമ്മിറ്റിക്കു മുമ്പിലും ഹാജരാകൂ എന്ന ഫെയ്‌സ്ബുക്കിന്റെ നിലപാട് അംഗീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

spot_img

Related Articles

Latest news