കനകമലയിൽ ജലസംഭരണിക്കായി ഭൂമി പരിശോധന

പെരിങ്ങത്തൂർ : നിർദിഷ്ട തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ പ്രവർത്തനം തുടങ്ങി. ഭൂമിയുടെ സർവേ നടപടി നേരത്തെ പൂർത്തിയായിരുന്നു.

കനകമലയിൽ ഭൂതല ജലസംഭരണിക്കായി 35 സെൻറ് സ്ഥലവും റോഡിനായി അഞ്ച്‌ സെൻറ് സ്ഥലവും ഏറ്റെടുക്കുന്നതിന്റെ ഭാഗമായി റവന്യൂ, ജല വകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.

തലശ്ശേരി തഹസിൽദാർ വി.കെ.ഷാജി, റവന്യൂ ഇൻസ്പെക്ടർ സഞ്ജന, സർവേയർ കെ.രോഷ്ന, ജല വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രകാശ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ തെരേസ റിനി എന്നിവർ പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.തലശ്ശേരി നിയോജക മണ്ഡലത്തിലെ ചൊക്ലിയിലും കൂത്തുപറമ്പിലെ പാനൂർ നഗരസഭയിലും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണിത്.

2017-18 ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 85.86 കോടി രൂപയുടെ ഭരണാനുമതിയായിരുന്നു. പഴശ്ശി റിസർവോയറിൽനിന്ന്‌ അഞ്ചരക്കണ്ടി പുഴയിൽനിന്നും വെള്ളമെടുത്ത് മൈലാടി ജല ശുദ്ധീകരണശാല വഴി കനകമലയിൽ സ്ഥാപിക്കുന്ന ജലസംഭരണിയിലെത്തിച്ച് വിതരണംചെയ്യുന്നതാണ് പദ്ധതി.

കരിയാട്, ചൊക്ലി ഗവ. കോളേജ്, കനകമല എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ജലസംഭരണി വഴിയാകും ശുദ്ധജല വിതരണം. അര ലക്ഷത്തിലധികം ആളുകൾക്ക് പൈപ്പ് വഴി ശുദ്ധജലം വീട്ടിൽത്തന്നെ ലഭിക്കും.

നേരത്തെ മുൻ മന്ത്രി കെ.കെ.ശൈലജയുടെ ഇടപെടലിലാണ് പദ്ധതിക്ക് അനുമതിയായത്. കെ.പി.മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് തുടർ പ്രവർത്തനങ്ങൾ.

spot_img

Related Articles

Latest news