പോക്സോ കേസിൽ റിമാൻ്റ് ചെയ്യപ്പെട്ട തലശ്ശേരിയിലെ വ്യവസായ പ്രമുഖൻ ഷറാറ ഷർ ഫുദ്ദീന് (68) തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് എ.വി. മൃദുല കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ.കെ. വിശ്വൻ മുഖേന സമർപ്പിച്ച ജാമ്യ ഹരജിയിൽ പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ട ശേഷമായിരുന്നു വിധി.
കുറ്റാരോപിതൻ തൻ്റെ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം. ഇന്ത്യ വിട്ടു പോവാൻ പാടില്ല. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടി വയ്ക്കണം, കേസ് നടപടികളിൽ ഇടപെടുകയോ പരാതിക്കാരിയിൽ സ്വാധീനം ചെലുത്തുകയോ പാടില്ല തുടങ്ങി കർശന ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ രണ്ട് തവണ ഇയാൾക്ക് ജാമ്യം നിഷേധിച്ചിരുന്നു. പതിനഞ്ചുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ജൂൺ 27 നാണ് ധർമ്മടം പോലിസ് ഇൻസ്പക്ടർ അബ്ദുൾ കരിം വീട്ടിലെത്തി ഷർ ഫുദ്ദീനെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതി റിമാൻറ് ചെയ്ത ഷറഫുദ്ദീനെ നെഞ്ചുവേദനയെ തുടർന്ന് അന്നേ ദിവസം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇത് വിവാദമായതോടെ ബിജെപി ശക്തമായി രംഗത്തുവരികയായിരുന്നു. തുടർന്നാണ് തിരികെ ജയിലിലേക്ക് മാറ്റിയത്.
ഇതേ കേസിൽ കുറ്റാരോപിതനായ മുഴപ്പിലങ്ങാട് കുടക്കടവ് സ്വദേശിയും ഇപ്പോൾ കതിരൂരിൽ താമസക്കാരനുമായ ഗ്രേസ് ക്വാർട്ടേഴ്സിൽ തസ്ലിമിനെ (38 ) യും ഇയാളുടെ ഭാര്യ ഷംന യേയും (30) അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളാണിവർ. കതിരൂർ ആറാം മൈലിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിനായിരുന്നു തസ്ലീമിനെ അറസ്റ്റ് ചെയ്തത് . ഇതിന് ഒത്താശ ചെയ്തതിനാണ് ഷംനയെ പ്രതിചേർത്തത് ഇരുവരും ഇപ്പോൾ ജയിലിലാണുളളത്.