കേന്ദ്രത്തിന്റെ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ എട്ട് മാസമായി നടക്കുന്ന സമരത്തില്‍ മരിച്ച കര്‍ഷകരുടെ എണ്ണത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് പ്രതിപക്ഷം. ജെപിസി അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സിപിഐ, അകാലിദള്‍, ബിഎസ്‌പി, ആര്‍എല്‍പി, എന്‍സിപി, ശിവസേന, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ എന്നിവര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി.
സമരത്തിനിടെ ഒരു കര്‍ഷകന്‍ പോലും മരിച്ചിട്ടില്ലെന്ന പരാമര്‍ശത്തില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ മാപ്പ് പറയണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരത്തിനിടെ അഞ്ഞൂറിലധികം കര്‍ഷകര്‍ മരിച്ചുവെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കൈവശമുള്ള രേഖകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ സമരത്തിനിടെ ഒരു കര്‍ഷകന്‍ പോലും മരിച്ചിട്ടില്ലെന്നാണ് തോമര്‍ ലോക്‌സഭയെ അറിയിച്ചത്.കര്‍ഷകരുടെ മരണത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പക്കലില്ലെന്നായിരുന്നു തോമറിന്റെ പ്രതികരണം.
വിഷയത്തില്‍ ജെപിസി അന്വേഷണം നടത്തി മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.