റിയാദ്: സൗദിയില്‍ ഷോപ്പിംഗ് മാളുകളില്‍100 ശതമാനം സ്വദേശിവത്ക്കരണം നിലവില്‍ വന്നതായി സൗദി മാനവ വിഭവ ശേഷ മന്ത്രാലയം അറിയിച്ചു. ഷോപ്പിംഗ് മാളുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാന്‍ നേരത്തെ മന്ത്രാലയം നല്‍കിയ സാവകാശം ഇന്ന് അവസാനിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ, ചില പ്രത്യേക തൊഴില്‍ വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ വാണിജ്യ പ്രവര്‍ത്തനങ്ങളിലും സ്വദേശികള്‍ക്ക് മാത്രമായിരിക്കും ജോലി ചെയ്യാന്‍ അനുവാദം.
ഷോപ്പിംഗ് മാള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകളിലെയും മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍, ശുചീകരണ ജോലികള്‍ പോലെ പരിമിതമായ ചില തൊഴിലുകളെ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മാളുകളിലെ ശുചീകരണ തൊഴിലിനു പുറമെ കയറ്റിറക്ക്, ഗെയിം റിപ്പയര്‍, ബാര്‍ബര്‍ എന്നീ തൊഴിലുകളെയും സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റില്‍ ആകെ തൊഴിലാളികളുടെ 20 ശതമാനത്തില്‍ കവിയരുതെന്ന് വ്യവസ്ഥയുണ്ട്.
ഈ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറക്കിയ സൗദിവത്ക്കരണ കരാര്‍ മുഖേന 50,000 ത്തിലധികം സൗദി യുവതീ യുവാക്കള്‍ക്ക് തൊഴിലവസരമൊരുക്കാനാണു മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഹൈപര്‍ മാര്‍ക്കറ്റ്, സൂപര്‍ മാര്‍ക്കറ്റ്, കോഫി ഷോപ്പ്, റെസ്റ്റോറന്റ് എന്നിവയെല്ലാം സൗദിവത്ക്കരണ നിബന്ധനയില്‍ നിന്ന് ഇളവുള്ള മേഖലകളാണെങ്കിലും കോഫി ഷോപ്പിലും റെസ്റ്റോറന്റിലും യഥാക്രമം 50 ശതമാനവും 40 ശതമാനവും സൗദിവത്ക്കരണം നടത്തണം.