കാബൂളില്‍ മന്ത്രി വസതിയ്ക്ക് നേരെ താലിബാന്‍ ആക്രമണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം അഴിച്ച്‌ വിട്ട് ഭീകരസംഘടനയായ താലിബാന്‍. കഴിഞ്ഞ ദിവസം രാത്രി എട്ടിന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെ താലിബാന്‍ കാര്‍ബോംബ് ആക്രമണം നടത്തി.

ആക്രമണത്തില്‍ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവ സമയത്ത് അദ്ദേഹം വീട്ടില്‍ ഉണ്ടായിരുന്നില്ല.സ്ഫോടനം നടത്തിയ ശേഷം നാല് ഭീകരര്‍ വെടിയുതിര്‍ത്തു. ഇവരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.

സംഭവത്തില്‍ നാല് സുരക്ഷാഭടന്‍മാരും കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിവസതിക്കു സമീപം പാര്‍ലമെന്റ് അംഗം താമസിച്ച വീടും ആക്രമിക്കപ്പെട്ടു. ഇവിടെയും ആളപായം റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.

ഇതിന് ശേഷമാണ് കാബൂള്‍ നഗരത്തില്‍ താലിബാന്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. താലിബാന്‍ കൂടുതല്‍ മേഖലകളില്‍ പിടിമുറുക്കുന്നതിനിടെ ആദ്യമായാണ്​ തലസ്ഥാന നഗരത്തില്‍ ആക്രമണം നടത്തുന്നത്. കാബൂള്‍ പിടിച്ചടക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ അപലപിച്ച യു.എസ് ഇത്തരം പ്രവര്‍ത്തികള്‍ താലിബാന്റെ മുഖമുദ്രയാണെന്ന് ആരോപിച്ചു.

അഫ്ഗാനിലെമ്പാടും താലിബാന്‍ ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിലെ യു.എന്‍ ഓഫീസിനു നേരെ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഫ്ഗാനില്‍ നിന്ന് യു.എസ് സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭരണം പിടിച്ചടക്കാന്‍ താലിബാന്‍ ആക്രമണം ആരംഭിച്ചത്. രാജ്യത്തെ പകുതിയോളം പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, ഇന്ത്യ ഹെറാത്ത് പ്രവിശ്യയില്‍ നിര്‍മ്മിച്ച സല്‍മ ഡാം തകര്‍ക്കാനുള്ള താലിബാന്റെ ശ്രമം തകര്‍ത്തെന്നും

നിരവധി താലിബാന്‍ ഭീകരര്‍ക്ക് പരിക്കേറ്റെന്നും അഫ്ഗാന്‍ സേന അറിയിച്ചു. താലിബാന്റെ ആക്രമണം കൂടുതല്‍ ശക്തമായതോടെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച്‌ ജനങ്ങള്‍ തെരുവിലുണ്ട്. വൈകുന്നേരമായാല്‍ തെരുവുകളിലും വീടുകളുടെ മുകളില്‍ കയറിയും അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചാണ് ജനങ്ങള്‍ താലിബാനെതിരെ പ്രതിഷേധം അറിയിക്കുന്നത്. എന്നാല്‍ ഇത് തങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിക്കല്‍ ആണെന്നാണ് താലിബാന്റെ അവകാശ വാദം.

spot_img

Related Articles

Latest news