ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിലാണ് ആരോഗ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. പിജി വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ ആരോഗ്യമന്ത്രിയും പിജി വിദ്യാർത്ഥികളുടെ പ്രതിനിധികളുമായുള്ള ചർച്ച ഈ ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടത്താനാണ് തീരുമാനം. അതിനാൽ, മുൻപ് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാലസമരം ഈ ചർച്ചയുടെ സമയം വരെ നീട്ടിവെക്കാൻ KMPGA സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തു.
കോവിഡ് സാഹചര്യത്തിൽ കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിദ്യാർത്ഥികളുടെ അദ്ധ്യായനവും കാര്യമായ രീതിയിൽ ബാധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻപ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താൻ ഇതുവരെ വരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
അനിശ്ചിതകാല സമരം നീട്ടിവെച്ച്, 48 മണിക്കൂർ എന്ന സമയപരിധി നൽകാൻ തയ്യാറാണെന്ന് KMPGA അറിയിച്ചു. മെഡിക്കൽ കോളേജുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന കോവിഡ് ഇതര രോഗികളുടെ ചികിത്സ മുടങ്ങരുത് എന്ന ആവശ്യം പിജി വിദ്യാർത്ഥികൾ ഉയർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി.
ഓരോ കോവിഡ് തരംഗത്തിലും അദ്ധ്യയനം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തങ്ങളുടെ മറ്റ് ആവശ്യങ്ങളിലും ഇതുവരെ ഒരു തീരുമാനങ്ങളും ആയിട്ടില്ല. എന്നാൽ ഈ ചർച്ച നടക്കാതെ പോവുകയോ ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വീണ്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കിലോ, സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പിജി ഡോക്ടർമാർ അറിയിച്ചു.