കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹന പൊളിക്കല്‍ നയം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം സര്‍വീസ് നടത്താന്‍ പാടില്ല എന്ന നയം കേരളത്തില്‍ അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു.
മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ മലിനീകരണം കുറയുന്ന രീതിയില്‍ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ വന്‍കിട വാഹന നിര്‍മാതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്രനയം. കാലപ്പഴക്കം മാത്രമല്ല, ഓടിയ കിലോമീറ്ററും പരിഗണിച്ചുവേണം പഴക്കം നിര്‍ണയിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകള്‍ പലതും കാലപ്പഴക്കം ഉള്ളവയാണ്. അവ കുറഞ്ഞ ദൂരം മാത്രമേ ഇത്രയും കാലം കൊണ്ട് സര്‍വീസ് നടത്തിയിട്ടുള്ളൂ എന്നതും പരിഗണിക്കണം. സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാന്‍ ഭീമമായ തുക ചെലവഴിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനു മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയം. പുതിയ വാഹന പൊളിക്കല്‍ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണമെന്നും വാഹന ഉടമകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുവാന്‍ സാവകാശം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.