കേരളത്തിന് കുതിപ്പേകുകയാണ് കോവിഡാനന്തര ടൂറിസം. ആഭ്യന്തര ടൂറിസ്റ്റുകളും മറ്റ് സംസ്ഥാനങ്ങളിലെ സഞ്ചാരികളും കേരളത്തിന്റെ വിവിധ മേഖലകളെ തേടിയെത്തുകയാണ്. ഇന്ന് പുലര്‍ച്ചെ 1200 യാത്രികരെയും വഹിച്ച് കോര്‍ഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തി.
മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കോര്‍ഡേലിയ ക്രൂയിസസിന്റെ എം.വി. എംപ്രസ് കപ്പല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളുമായാണ് കൊച്ചിയില്‍ എത്തിയത്. യാത്രക്കാരില്‍ വാക്സിനേഷന് സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവരുമായി 400 പേരാണ് കൊച്ചിയില്‍ ഇറങ്ങിയത്. കൊച്ചിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസം വകുപ്പ് ഇവരെ സ്വീകരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഡിടിപിസി ലിസ്റ്റിലുള്ള ഓട്ടോ/ടാക്സിയാണ് ഉപയോഗിച്ചത്. ‘ഐ ആം വാക്സിനേറ്റഡ്’ എന്ന ടാഗുമായാണ് ഓട്ടോ/ടാക്സി തൊഴിലാളികള്‍ സഞ്ചാരികളുമായി കൊച്ചി കറങ്ങിയത്.
കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, പോര്‍ട്ട് ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്ന് സ്വീകരണവും ഒരുക്കിയിരുന്നു. വേലകളി, താലപ്പൊലി, ചെണ്ടമേളം എന്നിവയെല്ലാം സ്വീകരണത്തിലുണ്ടായി. സഞ്ചാരികള്‍ക്കായി ടൂറിസം ഡെസ്റ്റിനേഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ടൂറിസത്തിന്റെ ഒരു കൗണ്ടറും യാത്രാസൗകര്യത്തിന് ഓട്ടോ ടാക്സി പ്രീപെയ്ഡ് കൗണ്ടറും ടെര്‍മിനലില്‍ ഒരുക്കി.
കേരളത്തിലേക്ക് ആദ്യമായിട്ടാണ് ഒരു ഡൊമസ്റ്റിക് ക്രൂസ് ഷിപ്പ് എത്തുന്നത്. മാത്രമല്ല, കൊച്ചിയില്‍ പുതുതായി നിര്‍മ്മിച്ച ക്രൂസ് ഷിപ്പിന് മാത്രമായുള്ള ടെര്‍മിനലില്‍ ആദ്യമായെത്തിയതും ഈ സഞ്ചാരികളാണ്. എല്ലാ മാസവും ആഡംബര കപ്പലുകളുടെ രണ്ട് സന്ദര്‍ശനങ്ങള്‍ ഇവിടെ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് കേരളാ ടൂറിസത്തിന് വലിയ കുതിപ്പേകും.