തിരുവനന്തപുരം : പൗരത്വ നിയമം നടപ്പിലാക്കില്ലെന്നാവർത്തിച്ച് മുഖ്യമന്ത്രി. രാജ്യം നിയമം പാസ്സാക്കിയാൽ സംസ്ഥാനത്ത് നടപ്പാക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട്. എന്നാൽ, നേരത്തെയും ഇന്നും നാളെയുമുള്ള നിലപാട് തന്നെയാണ് പൗരത്വ നിയമത്തെ കുറിച്ചുള്ളതെന്നും പറയും പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വം മതാടിസ്ഥാനത്തിലല്ല ഒരു കാലത്തും തീരുമാനിച്ചിട്ടുള്ളത്. മതം പൗരത്വത്തിന് മാനദണ്ഡമല്ല. ആർക്കും ഏത് മതത്തിലും വിശ്വാസിക്കാനും വിശ്വസിക്കാതിരുക്കാനും അവകാശമുണ്ട്. ഒരു വിഭാഗത്തെ വേർതിരിച്ച് നിർത്താൻ ഇടയാക്കും വിധമാണ് പൗരത്വ നിയമഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ വർഗ്ഗീയ സംഘർഷം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗ്ഗീയതയെ ശരിയായി എതിർക്കാനും തുറന്നു കാട്ടാനും മതനിരപേക്ഷമാണ് എന്ന് പറയുന്നവർ തയ്യാറാവുന്നില്ല. കോൺഗ്രസ് വർഗ്ഗീയതയുമായി സമരസപ്പെടുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അനുഭവത്തിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കുന്നില്ല. നാടിനും സമൂഹത്തിനും ചേരാത്തവരെ കോൺഗ്രസ് കൂടി പിടിച്ച് നിർത്തുകയാണ്. വർഗ്ഗീയതയോട് നിശബ്ദത പാലിച്ചാൽ നാടിന് നല്ലതല്ലെന്നും പിണറായി വിജയൻ പറഞ്ഞു.