ജി ഐ എസ് അധിഷ്ഠിത കോര്‍പറേഷന്‍: പ്രഖ്യാപനം തിങ്കളാഴ്ച

ദൃഷ്ടി ജി ഐ എസ് മാപ്പിങ്ങ് പദ്ധതി പൂര്‍ത്തിയായി

കണ്ണൂർ: അതിവേഗം വളരുന്ന കണ്ണൂര്‍ നഗരത്തിന്റെ നഗരാസൂത്രണവും സമഗ്രവികസനവും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന (ജിഐഎസ്) മാപ്പിംഗ് പദ്ധതിയായ ദൃഷ്ടി പൂര്‍ത്തിയായി. പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഒക്‌ടോബര്‍ 25 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേംബര്‍ ഹാളില്‍ കെ സുധാകരന്‍ എം പി നിര്‍വഹിക്കും.

കെട്ടിടങ്ങള്‍, റോഡുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വസ്തുക്കളുടെയും വിവരങ്ങള്‍ ഫോട്ടോസഹിതം വെബ്‌പോര്‍ട്ടലില്‍ ലഭ്യമാകും. അടിസ്ഥാനപരമായ വിശകലനങ്ങള്‍, ആവശ്യമുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍ എന്നിവ ഇനി എളുപ്പം സാധ്യമാവും.

ഡ്രോണ്‍ സര്‍വ്വേ, ഡിജിപിഎസ് സര്‍വ്വേ, ജി പി എസ് സര്‍വേ, പ്രത്യേക മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയുള്ള കെട്ടിട സര്‍വ്വെ തുടങ്ങിയ വിവിധ സര്‍വ്വേകളിലൂടെ കോര്‍പറേഷന്റെ മുഴുവന്‍ വിവരങ്ങളും വെബ്‌പോര്‍ട്ടലില്‍ ലഭ്യമാണ്. കൂടാതെ വിവിധ കാലഘട്ടങ്ങളിലെ ഭൂവിനിയോഗ വിവരങ്ങള്‍, വിവിധ ആസൂത്രണ സംബന്ധിയായ വിവരങ്ങള്‍, യൂട്ടിലിറ്റി നെറ്റ്‌വര്‍ക്കുകള്‍ എന്നിവയെല്ലാം വെബ്‌പോര്‍ട്ടലുകളില്‍ ലഭ്യമാണ്.

കൊവിഡ് ഉയര്‍ത്തിയ അതിരൂക്ഷമായ വെല്ലുവിളികളെ മറികടന്നു കൊണ്ടാണ് ഐടി സ്ഥാപനമായ യുഎല്‍ടിഎസ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. കണ്ണൂരിന്റെ ആസൂത്രണ വികസന പ്രവര്‍ത്തനങ്ങളില്‍ സാങ്കേതികതയുടെ കണ്ണായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാണ് ദൃഷ്ടി പോര്‍ട്ടല്‍.

ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും തങ്ങള്‍ക്കാവശ്യമുള്ള സ്ഥലങ്ങളിലെ വിവരങ്ങള്‍ ആവശ്യമായ രീതിയില്‍ വിശകലനം ചെയ്യാനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും കഴിയും. ഇവ കോര്‍പറേഷന്റെയും മറ്റുസര്‍ക്കാര്‍ വകുപ്പുകളുടെയും രേഖകളുമായി താരതമ്യം ചെയ്യാം.

കൂടാതെ ഭൗമശാസ്ത്രപരമായ വിശകലനം, വിവിധകാലങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള വിശകലനം എന്നിവയും പോര്‍ട്ടലില്‍ സാധ്യമാകും. നഗരവളര്‍ച്ചയുടെ പ്രവണതകള്‍ മനസിലാക്കി ആസൂത്രണം സാധ്യമാവും.

പരിപാടിയില്‍ എംഎല്‍എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

Mediawings:

spot_img

Related Articles

Latest news