ചരിത്രം തിരുത്തി പാക്കിസ്ഥാന്‍; ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

ദുബായ് – ക്രിക്കറ്റ് ലോകം ആവേശപൂര്‍വം കാത്തിരുന്ന ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ ട്വല്‍വ് പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ചരിത്രം തിരുത്തി. ലോകകപ്പുകളിലെ പരസ്പരമുള്ള 13 മത്സരങ്ങളിലാദ്യമായി ഇന്ത്യയെ അവര്‍ തോല്‍പിച്ചു. 13 പന്ത് ശേഷിക്കെ പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

ട്വന്റി20 ലോകകപ്പുകളില്‍ ആറു മത്സരങ്ങളിലാദ്യമായാണ് ഇന്ത്യയെ പാക്കിസ്ഥാന്‍ കീഴടക്കുന്നത്. പാക് ബൗളര്‍മാരുടെ ഒന്നാന്തരം പ്രകടനത്തിനു ശേഷം ഓപണര്‍മാരായ ക്യാപ്റ്റന്‍ ബാബര്‍ അസമും (52 പന്തില്‍ 68 നോട്ടൗട്ട്) മുഹമ്മദ് രിസവാനും (55 പന്തില്‍ 78 നോട്ടൗട്ട്) കൃത്യമായ പദ്ധതികളോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

സ്‌കോര്‍: ഇന്ത്യ ഏഴിന് 150, പാക്കിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് പോവാതെ 152.

ശാഹീന്‍ ഷാ അഫരീദിയുടെ ആദ്യ ഓവറുകളില്‍ വിറങ്ങലിച്ച ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (49 പന്തില്‍ 57) മികച്ച സ്‌കോറിലേക്ക് നയിച്ചത്. തിരിച്ചുവന്ന ശാഹീന്‍ (4-0-36-3) തന്നെ കോലിയെയും പുറത്താക്കി. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വഴങ്ങിയതാണ് ശാഹീന്റെ ബൗളിംഗിന്റെ പൊലിമ കുറച്ചത്.

ഹസന്‍ അലിക്കെതിരായ തുടര്‍ച്ചയായ സിക്‌സറുകളിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ച റിഷഭ് പന്തിനെ (30 പന്തില്‍ 39) സ്പിന്നര്‍ ശാദബ് ഖാന്‍ സ്വന്തം ബൗളിംഗില്‍ പിടിച്ചു. ഹസന്‍അലിക്ക് രണ്ട് വിക്കറ്റ് കിട്ടി.

ഓപണര്‍മാരായ രോഹിത് ശര്‍മയെ (0) നാലാമത്തെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും കെ.എല്‍ രാഹുലിനെ (3) അടുത്ത ഓവറില്‍ ബൗള്‍ഡാക്കുകയും ചെയ്ത് ശാഹീന്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ശാഹീനെ സിക്‌സറിനുയര്‍ത്തി സൂര്യകുമാര്‍ പ്രത്യാക്രമണം നടത്തി. എന്നാല്‍ പവര്‍പ്ലേ പിന്നിടും മുമ്പെ സൂര്യകുമാര്‍ യാദവിനെയും (11) ഇന്ത്യക്ക് നഷ്ടപ്പെട്ടു.

അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിലൂടെ കോലിയും റിഷഭുമാണ് ഇന്ത്യയെ കരകയറ്റിയത്. പത്തോവറില്‍ മൂന്നിന് 60 ലെത്തിയ ഇന്ത്യക്ക് ഒരു ഘട്ടത്തിലും പാക് ബൗളിംഗിന് മേല്‍ പൂര്‍ണ ആധിപത്യം നേടാനായില്ല. പതിനഞ്ചോവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് നൂറിലെത്തിയത്.

ശാന്തമായാണ് പാക്കിസ്ഥാന്‍ മറുപടി തുടങ്ങിയത്. പാക്കിസ്ഥാന്റെ മികച്ച ബാറ്റിംഗും മഞ്ഞുവീഴ്ചയും ഇന്ത്യന്‍ ബൗളിംഗ് നിഷ്പ്രഭമാക്കി. റണ്‍റെയ്റ്റില്‍ പിറകോട്ടു പോവാതെ ബാബര്‍ അസമും മുഹമ്മദ് രിസവാനും സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. പത്തോവറില്‍ വിക്കറ്റ് പോവാതെ സ്‌കോര്‍ 71 ലെത്തി.

പതിമൂന്നാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെ ഇരുവരും ഓരോ സിക്‌സറിന് ഉയര്‍ത്തി. രണ്ടാമത്തെ സിക്‌സറിലൂടെ ബാബര്‍ അര്‍ധ ശതകം പിന്നിടുകയും ടീം സ്‌കോര്‍ മൂന്നക്കം കടക്കുകയും ചെയ്തു. പതിനഞ്ചാം ഓവര്‍ പിന്നിട്ടതോടെ അവശേഷിച്ച പന്തിനെക്കാള്‍ കുറവായി വേണ്ട റണ്‍സ്.

മുഹമ്മദ് ഷമി എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ മൂന്നു പന്തുകള്‍ സിക്‌സറിനും ഇരട്ട ബൗണ്ടറിക്കും രിസവാന്‍ പറത്തിയതോടെ പാക്കിസ്ഥാന് പത്തു വിക്കറ്റ് വിജയം ഉറപ്പായി.

ടോസ് നേടിയ പാക്കിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആറ് ബാറ്റ്സ്മാൻമാരും അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ട്വന്റി20 ലോകകപ്പിലും 12 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയെ തോല്‍പിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല.

ട്വന്റി20 ലോകകപ്പില്‍ മുമ്പ് അഞ്ചു തവണ അയല്‍ക്കാര്‍ മുഖാമുഖം വന്നു. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പില്‍ രണ്ടു തവണ പാക്കിസ്ഥാനെ ഇന്ത്യ തോല്‍പിച്ചു. ഗ്രൂപ്പ് മത്സരം ടൈ ആയതിനെത്തുടര്‍ന്ന് നടത്തിയ ബൗളൗട്ടില്‍ ഇന്ത്യ ജയിച്ചു. അവസാന ഓവര്‍ വരെ ആവേശകരമായ ഫൈനലിലും പാക്കിസ്ഥാനെ കീഴടക്കി.

പിന്നീട് മൂന്നു തവണ കൂടി ഈ ടീമുകള്‍ ഏറ്റുമുട്ടി. മൂന്നും ഏകപക്ഷീയമായിരുന്നു. 2012 ല്‍ എട്ടു വിക്കറ്റിനും 2014 ല്‍ ഏഴു വിക്കറ്റിനും 2016 ല്‍ ആറു വിക്കറ്റിനും ഇന്ത്യ ജയിച്ചു.

കഴിഞ്ഞ ലോകകപ്പിനു ശേഷം മികച്ച ഫോമിലുള്ള ടീമുകളാണ് ഇന്ത്യയും പാക്കിസ്ഥാനും.

spot_img

Related Articles

Latest news